'സ്മാരകം നിര്‍മിക്കാന്‍ ലീഗ് നേതാക്കളില്‍ നിന്നടക്കം പണം വാങ്ങി', പ്രസീത അഴീക്കോടിനെതിരെ ജാനുവും ഗീതാനന്ദനും

By Web TeamFirst Published Jan 23, 2024, 6:45 AM IST
Highlights

മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വയനാട് ചാലിഗദ്ധ കോളനിയിലെ ജോഗിയ്ക്ക് സ്മാരകം നിര്‍മിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്നേഹക്കൂട് എന്ന സംഘടനയെ മുന്‍നിര്‍ത്തി പ്രസീതയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിക്കുന്നു എന്നാണ് ആക്ഷേപം

കോഴിക്കോട്: പ്രസീത അഴീക്കോടിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി സികെ ജാനുവും ഗീതാനന്ദനും. മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയതായി ഇരുവരും ആരോപിച്ചു. എന്നാല്‍ ഒരു ട്രസ്റ്റിനു കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയെന്നും പ്രസീത തിരിച്ചടിച്ചു. ദലിത് സംഘടനയായ ഗോത്രയുടെ പ്രധാന സംഘാടകയും സികെ ജാനു നേതൃത്വം നല്‍കിയ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതാവുമായിരുന്ന പ്രസീത അഴീക്കോടിനെതിരെയാണ് ജാനുവും ഗീതാനന്ദനും സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിക്കുന്നത്.

മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വയനാട് ചാലിഗദ്ധ കോളനിയിലെ ജോഗിയ്ക്ക് സ്മാരകം നിര്‍മിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്നേഹക്കൂട് എന്ന സംഘടനയെ മുന്‍നിര്‍ത്തി പ്രസീതയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിക്കുന്നു എന്നാണ് ആക്ഷേപം. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഫണ്ട് ശേഖരണ ഉദ്ഘാടനം നടത്തുന്നതിന്‍റെ ചിത്രവും ഇവര്‍ പുറത്ത് വിട്ടു. എന്നാല്‍ ജോഗിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സ്മാരക നിര്‍മാണത്തിന് തീരുമാനമെടുത്തതെന്നും ഫണ്ട് പിരിവ് സുതാര്യമാണെന്നും പ്രസീത അവകാശപ്പെട്ടു.

Latest Videos

ജാനുവും ഗീതാനന്ദനും ആരോപണം ഉന്നയിക്കുന്നത് ബിജെപിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്. അടുത്ത മാസം സ്മാരക നിര്‍മാണം സംബന്ധിച്ച കൂടുതല്‍ പുറത്ത് വിടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ജാനുവിന്‍റെ പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രസീത പിന്നീട് കെ സുരേന്ദ്രനും ജാനുവിനുമെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രസീതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സുരേന്ദ്രനെയും ജാനുവിനെും പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയും ചെയ്തിരുന്നു.

 

click me!