ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം; മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

By Web Team  |  First Published Nov 6, 2024, 12:43 PM IST

റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാൻ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക കൈമാറുക.


തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  3 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ റാണി, റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍, വള്ളി, വള്ളിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ച് വര്‍ഷമായി നാല് പേരും ഒറ്റപ്പാലത്തായിരുന്നു താമസം. റെയില്‍വെ പാളത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്.

Latest Videos

Also Read: പെരുമ്പാവൂരിൽ നടുറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീ പിടിച്ചു, ഭാഗികമായി കത്തിനശിച്ച് കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!