'വിയറ്റ്നാമിൽ ജോലി നൽകാമെന്ന് പറഞ്ഞു, ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു'; മനുഷ്യക്കടത്ത്, 3 പേർ അറസ്റ്റിൽ

By Web TeamFirst Published Oct 11, 2024, 6:21 PM IST
Highlights

മനുഷ്യക്കടത്ത് കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഇടുക്കി അടിമാലി പൊലീസ്

തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക്  കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്. 

തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്. വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരുടെ സംഘം യുവാക്കളെ കൊണ്ടുപോയത്.

Latest Videos

വിസിറ്റിംഗ് വിസയിലാണ് വിയറ്റ്നാമിലെത്തിക്കുന്നത്. അവിടെ വച്ച് പണം വാങ്ങി ചൈനക്കാർക്ക് കൈമാറിയെന്നാണ് പരാതി.  തുടർന്ന്  കരമാർഗ്ഗം കമ്പോഡിയയിൽ എത്തിച്ച് നിർബന്ധിച്ച് ഓൺലൈൻ തട്ടിപ്പ് ജോലികൾ ചെയ്യിക്കും.

അടിമാലി സ്വദേശി ഷാജഹാൻ കാസിമിനെ ഫെബ്രുവരി മാസത്തിൽ  ഇത്തരത്തിൽ കമ്പോഡിയയിൽ എത്തിച്ചിരുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ ഇദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായവർക്കെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ അഞ്ചു പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


 

click me!