'കേന്ദ്രത്തിന്റേത് ക്രൂരമായ അവ​ഗണന, പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് തിരിച്ചടി നൽകും'; എം ബി രാജേഷ്

By Web Team  |  First Published Nov 15, 2024, 12:47 PM IST

കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് എംബി രാജേഷ് 


തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് എംബി രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മന്ത്രിയുടെ പ്രതികരണം. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാൻ കേന്ദ്രം കാത്തിരിക്കുകയായിരുന്നു. കേന്ദ്രം പിന്നിൽ നിന്ന് കുത്തുമ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും എംബി രാജേഷ് പറഞ്ഞു. സർക്കാർ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.

വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര നിലപാട് ശരിയല്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും പ്രതികരിച്ചു.

Latest Videos

ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

click me!