പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധന, സംഘർഷം

By Web Team  |  First Published Nov 6, 2024, 5:15 AM IST

പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാൻ പൊലീസ് തയ്യാറായില്ല. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന്  ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തു. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.


പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടർന്ന് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സി പി എം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. 

പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന റൂമുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്‌ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളിൽ പൊലീസ് കയറി പരിശോധിച്ചു.

Latest Videos

വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന്  ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തു. കൂടാതെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. ഇതിനിടെ സിപിഎം നേതാക്കളും പ്രവർത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.

സിപിഎം തിരിക്കഥയാണിതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൊലീസിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ പറഞ്ഞു. പൊലീസുകാരുടെ ഐഡിന്‍റിറ്റി കാർഡ് താൻ ചോദിച്ചു. വനിതാ പൊലീസ് ഇല്ലാതെ  അകത്ത് കയറാനാകില്ലെന്ന് വ്യക്തമാക്കി. പരിശോധന തടസപ്പെടുത്തിയിട്ടില്ലെന്നും ഷാനിമോൾ പറഞ്ഞു. പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമിടയിൽ വെളുപ്പിനെ മൂന്ന് മണിവരെ ഹോട്ടലിൽ പരിശോധന നീണ്ടു.ബിജെപി പ്രവർത്തകരുടെ മുറിയിലും പൊലീസ് പരിശോധന നടത്തി. രാഹുൽ മാങ്കൂട്ടത്തിനായി ബാഗിൽ ഹോട്ടിൽ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നുമായിരുന്നു സിപിഎം പ്രവർത്തകരുടെ ആരോപണം.

click me!