പിഎസ്‍സി കോഴ ആരോപണം; പ്രാദേശിക നേതാവ് പ്രമോദ് കോട്ടുളിക്കെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം

By Web TeamFirst Published Jul 8, 2024, 2:09 PM IST
Highlights

പിഎസ്‍സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ കോഴിക്കോട്ടെ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ ഉടൻ നടപടി ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം, പിഎസ്‍സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ വിധേയനായ പ്രമോദ് കൊട്ടൂളി. 

എട്ട് മാസം മുമ്പ് ഉയർന്ന പരാതിയിൽ നടപടിക്കായി പാർട്ടി സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രമോദിനെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് നീക്കും. ഈയാഴ്ച ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും നടപടി ചർച്ച ചെയ്യും. സിഐടിയു. സിപിഎം ഭാരവാഹിത്വങ്ങളിൽ നിന്നാണ് മാറ്റുക. പ്രമോദിന് പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍, റിയാസിന്റെ പേര് ഉന്നയിച്ചത് ജില്ലയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ആരോപണ വിധേയനായ നേതാവിനെതിരെ വിമർശനം ഉയർന്നിരുന്നു. ഗുലാൻ്റെ ആൾ എന്ന് പരിഹസിച്ചാണ് ഒരു ജില്ലാ കമ്മിറ്റി അംഗം വിമർശനം ഉയർത്തിയത്. പിഎസ്‍സി അംഗത്വം മറ്റൊരാൾക്ക് നൽകിയപ്പോൾ ആയുഷ് വകുപ്പിൽ ഉയർന്ന തസ്തിക നൽകാമെന്ന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. പ്രമോദ് മാത്രമല്ല മറ്റ് ചില പാർട്ടി ബന്ധമുള്ള ആളുകൾ കൂടി ഉൾപ്പെട്ടതാണ് കോഴ വാങ്ങിയ സംഭവം എന്നാണ് അറിയുന്നത്. 

Latest Videos

Also Read: കൊട്ടാരക്കരയിൽ വാഹനാപകടം; സിപിഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

പിഎസ്‍സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങി പിഎസ്‍സി മെംബർമാരെ  നിയമിക്കുന്ന രീതി സിപിഎമ്മിനില്ല. പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ട്. യോഗ്യതയും മെറിറ്റുമാണ് മാനദണ്ഡം. പൊലീസിൽ പരാതി ഉണ്ടെങ്കിൽ പൊലിസ് അന്വേഷിക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റായ പ്രവണത പാർട്ടി വെച്ച് പൊറുപ്പിക്കില്ല. അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!