ഉപതെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് പിവി അൻവർ; 'ഡിഎംകെയുമായുള്ള തന്‍റെ സഹകരണത്തെ തടയാൻ ശ്രമം'

By Web Team  |  First Published Oct 6, 2024, 8:00 PM IST

തന്നെ തള്ളിപ്പറയാൻ ചിലര്‍ എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടുവെന്നും പിവി അൻവര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിക്ക് വോട്ട് മറിക്കും. ചേലക്കരയിൽ ബിജെപി സിപിഎമ്മിനെയും സഹായിക്കും.


മലപ്പറം: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണം തുടര്‍ന്ന് പിവി അൻവര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ്  കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് അൻവറിന്‍റെ രൂക്ഷ വിമര്‍ശനം.യോഗത്തിന് എത്തിയ ഡിഎംകെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അൻവര്‍ പ്രസംഗം ആരംഭിച്ചത്. തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഡിഎംകെയുടെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിവി അൻവര്‍ പറഞ്ഞു.

അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്‌ളീൻ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവർക്കുള്ള സന്ദേശമായിരുന്നു. താൻ ചെന്നൈയിൽ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയിൽ പോയി എന്നത് ശരിയാണെന്നും പിവി അൻവര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി.താൻ പോയത് ആർഎസ്എസ് നേതാക്കളെ കാണാനല്ല. ആർ എസ് എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല.

Latest Videos

undefined

ബിജെപിയെ നോട്ടക്ക് പിന്നിൽ ആക്കിയ നേതാവിനെ ആണ് ഞാൻ തെരഞ്ഞുപോയത്. ഡിഎംകെയുമായുള്ള തന്‍റെ സഹകരണത്തെ തടയാൻ ശ്രമിക്കുകയാണ് ഫാസിസത്തിന്‍റെ മറ്റൊരു മുഖം എന്ന് അൻവർ ആരോപിച്ചു. തന്നെ തള്ളിപ്പറയാൻ എംകെ സ്റ്റാലിനോട് ചിലര്‍ ആവശ്യപ്പെട്ടുവെന്നും പിവി അൻവര്‍ ആരോപിച്ചു. തമിഴ് നാട്ടിൽ സഖ്യകക്ഷികള്‍ക്ക് നിർലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സർവശക്തിയും എടുത്തു കോയമ്പത്തൂർ ഇറങ്ങിയപ്പോൾ സിപിഎമ്മിന് പാർട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡി എം കെ. അതേസമയത്ത് തൃശ്ശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്.

ഇക്കാര്യം മുഖ്യമന്ത്രിയോട് നേർക്കുനേർ നിന്നുപറയും. എ ഡി ജി പി തൃശൂരിൽ വന്ന് പൂരം കലക്കാൻ നേരിട്ട് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്നും പിവി അൻവര്‍ ആരോപിച്ചു. പൂരം കലക്കി ബിജെപിക്ക് ഒരു ലോക്സഭ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താൻ പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാൽ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൂരം കലക്കൽ റിപ്പോര്‍ട്ടിൽ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ അജിത് കുമാറിന്‍റെ സംഹാര താണ്ഡവമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാൻ ഭയമാണെന്നും പിവി അൻവര്‍ എംഎല്‍എ ആരോപിച്ചു.എഡിജിപിയുടെ ഭൂമി ഇടപാടിൽ 35 ലക്ഷം രൂപ പണമായിത്തന്നെ നേരിട്ട് കൈമാറി. 100 രൂപ പോലും അക്കൗണ്ട് വഴി കൊടുത്തില്ല. തെളിവുകൾ കൊടുത്തിട്ടും നടപടിയില്ല. നടപടികൾ വൈകിക്കാനാണ് വിജിലൻസ് അന്വേഷണം. ഇത്രയൊക്കെ നടന്നിട്ടും സിപിഐ എവിടെപ്പോയി?.

ബിജെപിക്ക് പരവതാനി ഒരുക്കിയ ഇവരുടെ കൂടെയാണോ ബിജെപിയെ തുരുത്തിയ ഡി എം കെ യുടെ കൂടെയാണോ നില്‍ക്കേണ്ടത്? ഡിഎംകെയുടെ ആശിർവാദം വാങ്ങാനാണ് പോയത്. ഇത് രാഷ്ട്രീയ പാർട്ടി അല്ല. ഉപതെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് ഉറപ്പിച്ചിരിക്കുകയാണെന്ന് പിവി അൻവര്‍ ആരോപിച്ചു.പാലക്കാട്‌ മണ്ഡലം ബിജെപിക്ക് ഉറപ്പിച്ചു കഴിഞ്ഞു. അവിടെ ബിജെപിക്ക് സിപിഎം വോട്ട് ചെയ്യും. അതിന് പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും.

എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു. സിപിഎം പ്രവർത്തകർക്ക് വേണ്ടിയാണ് താൻ പോരാട്ടത്തിന് ഇറങ്ങിയത്.സിപിഎമ്മിന് വേണ്ടി താൻ പതിനായിരക്കണക്കിന് ആളുകളെ ശത്രുക്കളാക്കി. എന്നിട്ട് തന്നെ കള്ളക്കടത്തുകാരൻ ആക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പിവി അൻവര്‍ ആരോപിച്ചു. രാവിലെ മുതൽ കനത്ത മഴയാണ് കേരളത്തിലെ ഏഴു ജില്ലകളില്‍ അനുഭവപ്പെടുന്നതെന്ന് പിവി അൻവര്‍ പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കും പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.

ഭീഷണിയുടെ വേലിക്കെട്ടുകൾ തകർത്താണ് വൻജനക്കൂട്ടം പൊതുയോഗത്തിന് എത്തിയത്. ഒരു സാമൂഹിക മുന്നേറ്റ സംവിധാനമായി ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള രൂപീകരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാനാണ് ഇന്ന് ഇവിടെ യോഗം ചേര്‍ന്നിരിക്കുന്നത്.ഭരണഘടനയിൽ എംഎല്‍എമാര്‍ക്ക് എല്ലാവര്‍ക്കും ഒരേ കടമകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്. അതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല.അങ്ങനെയുള്ള എംഎല്‍എ എന്ന നിലയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കുകയാണ് താൻ ചെയ്തിട്ടുള്ളത്.

അത്തരത്തിലാണ് ഭരണത്തിലെ ചില മോശം കാര്യങ്ങള്‍ വിളിച്ചുപറയേണ്ടിവന്നത്. സര്‍ക്കാരിന് മുന്നിൽ ചൂണ്ടികാണിച്ചുകൊടുത്ത വിഷയങ്ങള്‍ ഇപ്പോഴും സമൂഹത്തിന് മുന്നിൽ ചോദ്യ ചിന്ഹങ്ങളായി അവശേഷിക്കുകയാണ്.കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്കുമെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.തന്‍റെ പരാതികള്‍ അന്വേഷിക്കാൻ എസ്ഐടിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതിൽ തൃശൂര്‍ പൂരം അലങ്കോലമാക്കലും അന്വേഷിച്ചു. 

കൂടു വെച്ചു പിടിക്കുന്ന മൃഗങ്ങളെ ജനവാസ മേഖലയിൽ തുറന്നുവിടുകയാണ്. മന്ത്രിയോട് പറഞ്ഞപ്പോൾ ഭ്രാന്ത് ആണെന്ന് പറഞ്ഞു. കാടേതാ, നാടേതാ എന്നറിയാത്ത കാട്ടിൽ പോയി നോക്കാൻ ശേഷിയില്ലാത്തയാളാണ് മന്ത്രി. ഘടകകക്ഷി എന്ന പേരിൽ ഓരോ മന്ത്രിമാരെയും തലയിൽ കൊണ്ടുനടക്കേണ്ട ഗതികേടിലാണ് ജനം. ഇതിനെല്ലാം ജനകീയ പ്രതിരോധം ഉയരണം. മലയോര മേഖലയിലെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പ്രതിരോധം തീര്‍ക്കും.

മരിക്കേണ്ടി വന്നാലും  പോരാട്ടം  തുടരും

ജയിലിൽ അടയ്ക്കേണ്ടിവന്നാലും മുണ്ടുമടക്കാൻ തയ്യാറാവില്ലെന്നു മരിക്കേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും പിവി അൻവര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും ഡിഎംകെ കമ്മിറ്റി രൂപീകരിക്കും. നാളെ മുതൽ പ്രവര്‍ത്തനം തുടങ്ങും. രണ്ടു മാസത്തിനകം കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും പിവി അൻവര്‍ പറഞ്ഞു.

'പ്രവാസികൾക്ക് വോട്ടവകാശം, മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല'; നയം പ്രഖ്യാപിച്ച് അൻവർ

 

click me!