തണുത്തുറഞ്ഞ ആ കുഞ്ഞുശരീരം ഏറ്റുവാങ്ങാൻ അച്ഛൻ തയ്യാറായില്ല, പൊലീസും കോർപ്പറേഷനും ഏറ്റെടുത്ത് സംസ്കരിക്കും

By Web TeamFirst Published Dec 14, 2023, 9:49 AM IST
Highlights

കളമശ്ശേരി മെഡിക്കല്‍ കോളേജിന്‍റെ മോര്‍ച്ചറിയിലാണ് കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും സംസ്കാര ചടങ്ങിനായി മൃതദേഹം പോലീസും കോര്‍പ്പറേഷന്‍ അധികൃതരും ഏറ്റുവാങ്ങുക

കൊച്ചി: എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താത്ത സാഹചര്യത്തില്‍ പോലീസും കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് സംസ്കാര ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. കുഞ്ഞിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി പത്തു ദിവസമായിട്ടും മൃതദേഹം ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. കുഞ്ഞിന്‍റെ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇവരെ അധികൃതര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.ഇതോടെയാണ് പോലീസും കോര്‍പ്പറേഷനും മൃതദേഹം ഏറ്റുവാങ്ങി സംസ്കാരിക്കാന്‍ തീരുമാനിച്ചത്.

സംസ്കാരം പച്ചാളം പൊതു ശ്മശാനത്തില്‍ നടത്തുമെന്നാണ് വിവരം. കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാത്തത് സംബന്ധിച്ച് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിന്‍റെ മോര്‍ച്ചറിയിലാണ് കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും സംസ്കാര ചടങ്ങിനായി മൃതദേഹം പോലീസും കോര്‍പ്പറേഷന്‍ അധികൃതരും ഏറ്റുവാങ്ങുക. 

Latest Videos

ഈ മാസം ആദ്യമാണ് എളമക്കരയില്‍ കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താത്ത സങ്കടകരമായ സാഹചര്യമാണുണ്ടായത്. മരിച്ചിട്ടും മടക്കമില്ലാതെ അടുക്കിവെച്ച ഫ്രീസര്‍ പെട്ടികളില്‍ തണുത്തുറഞ്ഞു കിടക്കുകയാണിപ്പോഴും ആ പിഞ്ചുദേഹം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ അനാഥ മൃതദേഹമായി പ്രഖ്യാപിക്കുന്നതാണ് രീതി. പിന്നീട് മോര്‍ച്ചറിയില്‍നിന്ന് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. 

കേസിലെ പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബർ 20 വരെ റിമാൻഡ് ചെയ്തത്. പ്രതിയായ കുഞ്ഞിന്‍റെ അമ്മ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവരുടെ സുഹൃത്തായ ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റിയത്. ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്.

മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

ഐസ് കട്ട കണക്കെ തണുത്തുറഞ്ഞൊരു കുഞ്ഞുശരീരം,മരിച്ചിട്ടും മടക്കമില്ലാതെ മോർച്ചറിയിൽ;ഏറ്റെടുക്കാൻ ആരും വന്നില്ല

 

click me!