അധ്യക്ഷനായി തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രൻ; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം പദവിക്ക് യോഗ്യർ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷൻ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

bjp state president k surendran response on rajeev chandrasekhar's nomination for bjp state president post

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷൻ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും ഓരോ വ്യക്തിയുടെയും അനിവാര്യത കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും  കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം-ബിജെപി ഒത്തുതീർപ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാർ മറിക്കടക്കുമോ എന്ന വേവലാതിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Latest Videos

അധ്യക്ഷനായി ചുമതലയേറ്റശേഷം ഒന്നര വര്‍ഷത്തോളം കോവിഡ് ലോക്ക് ഡൗണും നിയന്ത്രണവുമായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. ശരിക്കും രണ്ടര വര്‍ഷമാണ് സംഘടനയെ സജീവമാക്കാൻ ലഭിച്ചത്. അഞ്ചുവര്‍ഷം അധ്യക്ഷൻ സ്ഥാനം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി. പിന്നെ താൻ മാത്രം അവിടെ തുടരുന്നതിൽ അര്‍ത്ഥമില്ല.ബിജെപിക്കുള്ളിൽ നേതൃപദവി ഏറ്റെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് അധ്യക്ഷൻ ആരാകുമെന്ന ചര്‍ച്ചകളുണ്ടായത്.

പാര്‍ട്ടിക്കുള്ളിൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാ സംഘടനകളിലും ഉണ്ടാകുന്നത് പോലെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഈ പാര്‍ട്ടിയിലുമുണ്ട്. അതെല്ലാം പരിഹരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. തന്‍റെ കാലയളവിൽ എല്ലാ നേതാക്കളും ഒറ്റ ലക്ഷ്യത്തിലേക്കാണ് പ്രവര്‍ത്തിക്കുന്നത്. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്.

അത്തരത്തിൽ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പരിഗണിച്ചിരുന്നു. അതിൽ നിന്നാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. നേതാക്കള്‍ക്ക് ഇനിയും അവസരമുണ്ട്. പ്രസിഡന്‍റായാലും ഇല്ലെങ്കിലും അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയ്ക്ക് അനിവാര്യമായിട്ടുള്ള നേതാക്കളാണ് അവര്‍. അവരെ നോക്കുമ്പോള്‍ താൻ ചെറുപ്പത്തിൽ അധ്യക്ഷനായെന്നത് സത്യമാണ്. എന്നാൽ, അവരുടെ പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ഇനിയും അവസരമുണ്ടെന്നും നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ആകെയുള്ള 25000 ബൂത്തുകളിൽ 18600 ബൂത്തുകളിൽ പുതിയ കമ്മിറ്റികള്‍ നിലവിൽ വന്നു. ഒരു അസംബ്ലി മണ്ഡലത്തിൽ  രണ്ടു മണ്ഡലം കമ്മിറ്റിയാണ് ബിജെപിക്കുള്ളത്. അത്തരത്തിൽ 140 മണ്ഡലങ്ങളിൽ 280 മണ്ഡലം കമ്മിറ്റികളിലും പുതിയ അധ്യക്ഷന്മാര്‍ നിലവിൽ വന്നു.  14 റവന്യു ജില്ലകളെ വിഭജിച്ച് 30 പാര്‍ട്ടി ജില്ല കമ്മിറ്റികളുണ്ടാക്കി. അവിടെയും പുതിയ ജില്ലാ അധ്യക്ഷൻമാരെ തീരുമാനിച്ചു.

206 സംസ്ഥാന കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു. ഇനി വേണ്ടത് 30 ദേശീയ കൗണ്‍സിൽ അംഗങ്ങളെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെയുമാണ് ഇനി തെരഞ്ഞെടുക്കേണ്ടത്. രാജീവ് ചന്ദ്രശേഖറിന് സംഘടനാ പ്രവര്‍ത്തനം നല്ലരീതിയിൽ കൊണ്ടുപോകാനായുള്ള സിസ്റ്റം ഇവിടെയുണ്ട്.  അടിസ്ഥാന വോട്ടുബാങ്കിൽ നിന്ന് മുന്നോട്ടുപോകാനുള്ള ഊര്‍ജം താഴെതട്ടിൽ നിന്ന് പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നൽകുന്നതിനായുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു

രാജീവ് ചന്ദ്രശേഖറിന് ഇനി പുതിയ ദൗത്യം; നിർണായകമായത് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം, ഔദ്യോഗിക പ്രഖ്യാപനം നാളെ

vuukle one pixel image
click me!