എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ
തിരുവനന്തപുരം: നീണ്ട 27 മണിക്കൂർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ. ഇഡി സംഘം വീട്ടിൽ നിന്ന് മടങ്ങിയ ശേഷം റെയ്ഡിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
'അമ്മയുടെ ഐഫോൺ എടുത്ത സ്റ്റേറ്റ്മെന്റിൽ മാത്രമാണ് ഒപ്പിട്ടത്. ക്രഡിറ്റ് കാർഡ് ഇവിടെ ഇഡി കൊണ്ടുവന്നിട്ടതാണ്. അല്ലെങ്കിൽ അത് കിട്ടിയപ്പോൾ ഞങ്ങളെ വിളിച്ച് കാണിക്കണമായിരുന്നു. രാത്രി വൈകി രേഖകളിൽ ഒപ്പിടണമെന്ന് പറഞ്ഞ് വിളിപ്പിച്ചു. അതുവരെ വീടിനകത്ത് ഒരു മുറിയിലായിരുന്നു ഞങ്ങൾ മൂന്ന് പേരും. വീട്ടിൽ താഴത്തെ നിലയിലെ ഒരു മുറിയിൽ മാത്രമാണ് ഇഡി സംഘം പരിശോധിച്ചത്. ഇതിനകത്തെ ഡ്രോയറിൽ നിന്ന് ക്രഡിറ്റ് കാർഡ് ലഭിച്ചെന്നാണ് ഇഡിയുടെ സ്റ്റേറ്റ്മെന്റിൽ പറഞ്ഞത്. അത് വായിച്ച് നോക്കിയപ്പോഴാണ് മുഹമ്മദ് അനൂബിന്റെ കാർഡാണെന്ന് മനസിലായത്. അത് ഇവിടെ നിന്ന് ലഭിച്ചതല്ല. അതിൽ ഒപ്പിടാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഒപ്പിടണമെങ്കിൽ ആ കാർഡ് ഇഡി കൊണ്ടുവന്നിട്ടതാണെന്ന് എഴുതണമെന്നും പറഞ്ഞു. അതിനവർ തയ്യാറായില്ല. ഒപ്പിടാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനീഷ് ശനിയാഴ്ച മടങ്ങിവരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. അല്ലെങ്കിൽ ബിനീഷ് അവിടെ കിടക്കും എന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ഞാൻ ജയിലിൽ കിടക്കേണ്ടി വന്നാലും ശരി വീട്ടിൽ നിന്ന് കിട്ടാത്ത ഒരു സാധനത്തിന് ഒപ്പിട്ട് തരില്ലെന്ന് ശക്തമായി പറഞ്ഞു. ഇന്നലെ രാത്രി 11.30 യ്ക്ക് അവസാനിച്ച റെയ്ഡാണ്. വീടിനകത്ത് ഒരു മുറിയിൽ മാത്രമായിരുന്നു പരിശോധന നടന്നത്,'- റെനിറ്റ പറഞ്ഞു.