ആവശ്യപ്പെട്ടത് സിഐടിയു മാടായി കമ്മിറ്റി, എതിർപ്പ് സിഐടിയു സംസ്ഥാന കമ്മിറ്റിക്ക്; ഓട്ടോ പെ‍ർമിറ്റിൽ ഇനിയെന്ത്?

By Web TeamFirst Published Aug 18, 2024, 2:14 AM IST
Highlights

സി ഐ ടി യു സംസ്ഥാന കമ്മിറ്റി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനം മുഴുവൻ സവാരി നടത്താൻ അനുമതി നൽകുന്ന പെർമിറ്റിന്‍റെ ഭാവി എന്താകും എന്നത് കണ്ടറിയണം

കണ്ണൂർ: ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനം മുഴുവൻ സവാരി നടത്താനായി പെർമിറ്റ് നൽകാൻ തീരുമാനത്തിൽ പുതിയ വിവാദം. സി ഐ ടി യു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. എന്നാൽ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സി ഐ ടി യു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിട്ടുണ്ട്. സി ഐ ടി യു സംസ്ഥാന കമ്മിറ്റി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനം മുഴുവൻ സവാരി നടത്താൻ അനുമതി നൽകുന്ന പെർമിറ്റിന്‍റെ ഭാവി എന്താകും എന്നത് കണ്ടറിയണം.

വിശദ വിവരങ്ങൾ ഇങ്ങനെ

Latest Videos

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവ്വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. എന്നാൽ ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു മാടായി ഏര്യാകമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന വ്യാപക പെർമിറ്റ് നൽകാൻ അതോററ്റി യോഗം തീരുമാനിച്ചത്. ജില്ല അതിർത്തിയിൽ നിന്നും 30 കിലോമീറ്റർ യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി ഐ ടി യു കേരള സ്റ്റേറ്റ് ഓട്ടോ - ടാക്സി ലൈററ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം യു വി രാമചന്ദ്രൻ നൽകിയ അപേക്ഷയും അതോററ്റി പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തത്. എന്നാൽ സി ഐ ടി യു ഇത്തമൊരു തീരുമാനമെടുത്തിട്ടില്ലെന്നും, തൊഴിൽ മേഖല സംഘർഷമുണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാ‍ർ ഗതാഗതകമ്മീഷണർക്ക് കത്ത് നൽകിയതോടെയാണ് സംഭവത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്.

പ്രാദേശികമായി ആരെങ്കിലും അപേക്ഷ നൽകിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സി ഐ ടി യു സംസ്ഥാന നേതൃത്വം പറയുന്നു. അതേസമയം സംസ്ഥാന വ്യാപക സർവ്വീസ് നടത്താൻ ഡിസൈൻ ചെയ്തിട്ടുള്ള വാഹനം അല്ല ഓട്ടോറിക്ഷ എന്നതാണ് മറ്റൊരു കാര്യം. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളൊന്നും ഓട്ടോറിക്ഷക്ക് ഇല്ല. അതിവേഗ പാതകളിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ഓട്ടോറിക്ഷയിറങ്ങുന്നത് അപകടം കൂട്ടുമെന്നുമായിരുന്നു മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇതെല്ലാം തള്ളിയാണ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം അതോററ്റി എടുത്തത്. സി ഐ ടി യു സംസ്ഥാന കമ്മിറ്റി കൂടി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടതോടെ സർക്കാരിന്‍റെ തീരുമാനമാണ് ഇനി നിർണായകം.

കോമറിൻ മേഖലയിൽ കേരള-തമിഴ്നാടിന് മുകളിലായി 1.5 കിമീ ഉയരെ ന്യുനമർദ്ദ പാത്തി; അതിശക്ത മഴ സാധ്യത 4 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!