'2019-ൽ അറ്റസ്റ്റ് ചെയ്തത്', സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അതിലുള്ളത് നോര്‍ക്കയുടെ വ്യാജ സീൽ, നിയമ നടപടി

By Web TeamFirst Published Jul 4, 2024, 8:15 PM IST
Highlights

നോര്‍ക്ക റൂട്ട്സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തി. നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറി.

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തിയതായി നോര്‍ക്ക. കേസ് നിയമ നടപടികള്‍ക്കായി പൊലീസിന് കൈമാറിയതായും നോര്‍ക്ക റൂട്സ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. നോർക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്. 

2019 ല്‍ നോര്‍ക്ക അറ്റസ്റ്റ് ചെയ്തതായി സൂചിപ്പിക്കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലാണ് വ്യാജ സീല്‍ കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റിക്കും കൈമാറിയിട്ടുണ്ട്. അംഗീകൃതമല്ലാത്ത ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. 

സംസ്ഥാനത്തുനിന്നുളള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.  വിദ്യാഭ്യാസ (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

കുവൈത്ത് ദുരന്തം: 1.20 കോടി ധനസഹായം കൈമാറി യൂസഫലി, എല്ലാ ഇന്ത്യക്കാരുടെ കുടുംബങ്ങൾക്കും ധനസഹായം കൈമാറും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!