നടപടിക്രമങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി തിരുവമ്പാടിയിലെ റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വിവാദമായതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന്‍റെ നടപടിക്രമങ്ങളും ചര്‍ച്ചയാകുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കണമെന്നതാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറ്റവും ആദ്യം പറയുന്നത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി തിരുവമ്പാടിയിലെ റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു എന്ന കേസിൽ സഹോദരങ്ങളായ അജ്മൽ ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി സ്വീകരിച്ച കേട്ടുകഴിവില്ലാത്ത നടപടി വ്യാപക വിമർശനത്തിനും വലിയ പ്രതിഷേധത്തിനും വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്.
റസാക്കിന്‍റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം. എന്നാൽ, മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തത്. വൈദ്യുതി ഇന്ന് തന്നെ പുനസ്ഥാപിക്കുമെന്ന് പറഞ്ഞ മന്ത്രി കൃഷ്ണൻകുട്ടി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം ആവശ്യം കൂടി മുന്നോട്ടുവച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍:
-ബിൽ തുക അടയ്ക്കാത്തത് മൂലം വൈദ്യുതി വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ എസ്എംഎസ്, ഇമെയിൽ സന്ദേശങ്ങൾ വഴി ഉപഭോക്താക്കളെ ഓർമപ്പെടുത്തണം.
-വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായിരിക്കണം
-വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി ഉപഭോക്താവിനെ അറിയിക്കണം.
-വൈദ്യുതി ബന്ധം ഡിസ്കണക്റ്റ് ചെയ്ത് കഴിഞ്ഞ് വൈദ്യുതി ബിൽ അടച്ചു കഴിഞ്ഞാൽ എത്രയും വേഗം വൈദ്യുതി ബന്ധം പുനസ്ഥാപിക്കണം
'ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരൻ കയ്യേറ്റം ചെയ്തു'; ഗുരുതര ആരോപണവുമായി വീട്ടുടമയുടെ ഭാര്യ, മന്ത്രിക്കും മറുപടി
അതേസമയം, വൈദ്യുതി ബന്ധം വിച്ഛേദിച്ചത് മുതൽ സമരം തുടങ്ങിയ റസാക്കും ഭാര്യ മറിയവും ഇനിയും വീട്ടിൽ കയറിയിട്ടില്ല ഇന്നലെ കെഎസ്ഇബി ഓഫീസിനു മുന്നിൽ സമരത്തിനിടെ തളർന്നുവീണ റസാക്കിനെ ഇന്ന് രാവിലെ വീട്ടിൽ എത്തിച്ചെങ്കിലും ഇദ്ദേഹം വീട്ടിൽ കയറാൻ കൂട്ടാക്കിയിട്ടില്ല. അതിനിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ എത്തിയ ജീവനക്കാരൻ തന്നെ കയ്യേറ്റം ചെയ്തതായി കാട്ടി റസാക്കിന്‍റെ ഭാര്യ മറിയം പൊലീസിൽ പരാതി നൽകി. കെഎസ്ഇബി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് നാലുമണിക്ക് മെഴുകുതിരി കൊളുത്തി തിരുവമ്പാടിയിൽ സമരം നടത്താൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും; ചെയർമാന് നിർദേശം നൽകി മന്ത്രി