Attappadi Madhu case: പ്രതിഭാഗത്തിന്റെത് കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്ത പരാമർശമെന്ന് പ്രോസിക്യൂഷൻ

By Web Team  |  First Published Aug 21, 2022, 9:08 AM IST

'പ്രതിഭാഗം അഭിഭാഷകൻ ഉപയോഗിച്ച ഭീഷണിയുടെ സ്വരം കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്തത്. ഇത് ബോധ്യപ്പെട്ടതു കൊണ്ടാകാം ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിൽ മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഇക്കാര്യം പരാമർശിച്ചത്'


പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന ഹർജി പരിഗണിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകൻ ഉപയോഗിച്ച ഭീഷണിയുടെ സ്വരം കോടതിയുടെ മാന്യതയ്ക്ക് നിരക്കാത്തതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇത് ബോധ്യപ്പെട്ടതു കൊണ്ടാകാം ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിൽ മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഇക്കാര്യം പരാമർശിച്ചതെന്ന് രാജേഷ് എം.മേനോൻ പറഞ്ഞു. അതേസമയം 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയത് സാക്ഷികളുടെ കൂറുമാറ്റ പരമ്പരയ്ക്ക് തടയിടാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുട‍ര്‍ന്ന് കേസിലെ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകൻ നടത്തിയ പരാമര്‍ശങ്ങൾ കോടതി എടുത്തു പറഞ്ഞത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ  വിചരണ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ജഡ്ജിയുടെ പടം ഉൾപ്പെടെ വാർത്തകൾ വരുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പരാമർശമുണ്ട്. 

Latest Videos

undefined

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിനുള്ള നടപടികൾ ഇന്നുണ്ടാകും.


'അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്'; മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാന് ഉപാധികളോടെ ജാമ്യം

അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന് ജാമ്യം. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ഷിഫാന് കോടതി ജാമ്യം നൽകിയത്.  മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. 

click me!