4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം, തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും; ഒരു സംഘം ഹരിയാനയിലേക്ക്  

By Web TeamFirst Published Sep 28, 2024, 12:49 PM IST
Highlights

തെലങ്കാന, കർണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവർച്ച കേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംസ്ഥാനങ്ങളിലെ പൊലീസ് ടീമിനെയും വിവരമറിയിച്ചു.  

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. തെലങ്കാന, കർണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവർച്ച കേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംസ്ഥാനങ്ങളിലെ പൊലീസ് ടീമിനെയും വിവരമറിയിച്ചു.  

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്നത്. ഒന്നര മണിക്കൂറിനുള്ളില്‍ ഇരുപത് കിലോമീറ്റര്‍ പരിധിയിലെ മൂന്ന് എടിഎം കൊള്ളയടിച്ച് അറുപത്തിയെട്ടു ലക്ഷം രൂപയാണ് കവര്‍ന്നത്. പൊലീസിന്റെ വലയിലാകാതെ അതിര്‍ത്തി കടന്ന സംഘം നിര്‍ത്തിയിട്ട കണ്ടൈനറില്‍ കാറൊളിപ്പിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെയാണ് പിടിയിലായത്.  ഏഴംഗ കൊള്ളസംഘത്തിലൊരാള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ വലയിലായി.  

Latest Videos

പുലര്‍ച്ചെ 2.10 നാണ് കൊള്ളയുടെ തുടക്കം.  ഇരിങ്ങാലക്കുടയ്ക്കടുത്ത് മപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം ഇരച്ചു കയറി സിസിടിവികള്‍ നശിപ്പിച്ചു. ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്ത് 33 ലക്ഷവുമായി കടന്നു. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പൊലീസിലേക്ക് ലഭിച്ചു. രണ്ടേമുക്കാലോടെ പൊലീസ് മാപ്രാണത്തെത്തുമ്പോഴേക്കും കവര്‍ച്ചാസംഘം 20 കിലോമീറ്റര്‍ താണ്ടി തൃശൂര്‍ നഗര ഹൃദയത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി പണി തുടങ്ങിയിരുന്നു. ഇവിടെ നിന്നും പത്ത് ലക്ഷം കവര്‍ന്നു.  

പത്തുമിറ്റിനുള്ളില്‍  3.25. ന് കൊള്ളക്കാര്‍ ആതേകാറില്‍ കോലഴിയിലേക്കെത്തി. സിസിടിവി സ്പ്രേചെയ്ത് മറച്ചു. ഇവിടെ കൊള്ള നടക്കുമ്പോള്‍ ബാങ്കില്‍ നിന്ന് ലഭിച്ച രണ്ടാം അലര്‍ട്ട് പ്രകാരം പൊലീസ് നായ്ക്കനാല്‍ എടിഎമ്മില്‍ പരിശോധന നടത്തുകയായിരുന്നു. നാലുമണിയോടെ മൂന്നാമത്തെ എടിഎം തകര്‍ത്ത അലര്‍ട്ടും എത്തി. നാലേകാലിന് പൊലീസ് കുതിച്ചെത്തുമ്പോഴേക്കും കവര്‍ച്ചക്കാര്‍ കണ്ണുവെട്ടിച്ച് കടന്നു.  കൊലഴിയില്‍ നിന്ന് കവര്‍ന്നത് 25 ലക്ഷത്തി എണ്‍പതിനായിരം രൂപ. വെള്ളകാറു തേടി പൊലീസ് നാടെങ്ങും പരതുമ്പോള്‍ വെള്ളക്കാര്‍ പാലക്കാടതിര്‍ത്തിയിലെത്തി കണ്ടെനല്‍ ലോറിയില്‍ കാർ കയറ്റിയിരുന്നു. 

അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിന്‍റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമാക്കി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു.

എടിഎം കവ‍ർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ

തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. പൊലീസ് പിന്നാലെ തന്നെ പാഞ്ഞു. സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. മുന്നിൽ 4 പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോഴൊന്നും എടിഎം മോഷണ സംഘമാണെന്ന് പൊലീസ് സംശയിച്ചിരുന്നില്ല. വഴിയിൽ വച്ച് ലോറിയുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന് പൊലീസിന് സംശയം തോന്നി. ലോറി നിർത്തി തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരുമുണ്ടെന്ന് കണ്ടത്. കണ്ടെയ്നറിനുള്ളിലുള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ, പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. അയാളെ വെടിവെച്ച് വീഴ്ത്തി.

 

 

 

click me!