പുന്നമടയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആവേശത്തിരയിളക്കി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം, ഇനി ഫൈനൽ

By Web TeamFirst Published Sep 28, 2024, 2:43 PM IST
Highlights

അല്‍പ്പസമയത്തിനകം ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരങ്ങള്‍ ആരംഭിക്കും

ആലപ്പുഴ:എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം പൂര്‍ത്തിയായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹീറ്റ്സ് മത്സരത്തിൽ നടന്നത്. ഉച്ചയ്ക്ക് മുമ്പായി ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

വൈകിട്ട് 3.24ഓടെയാണ് ഏവരും ആവേശത്തോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരങ്ങള്‍ ആരംഭിക്കുക. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാൽ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.

Latest Videos

ഹീറ്റ്സ് ഒന്നിൽ പായിപ്പാടൻ നമ്പര്‍ 2, ആലപ്പാടൻ, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചു. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്‍റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരിച്ചു.ഹീറ്റ്സ് മൂന്നിൽ ചെറുതന, തലവടി, സെന്‍റ് പയസ് ടെന്‍ത്, പായിപ്പാടൻ ചുണ്ടനുകളും ഹീറ്റ്സ് നാലിൽ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചിൽ വലിയ ദിവാൻജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചു.

മന്ത്രി പതാക ഉയര്‍ത്തിയതിനുശേഷം ഹീറ്റ്സ് മത്സരത്തിനായി ചുണ്ടൻ വള്ളങ്ങള്‍ ട്രാക്കിലേക്ക് നീങ്ങുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം മാസ് ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചത്. വള്ളം കളിയുടെ സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും പുന്നമടയിലുണ്ട്. മത്സരത്തിന്‍റെ ഓരോ നിമിഷത്തിന്‍റെയും ഓളം പ്രേക്ഷകരിൽ എത്തിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. നൂറുകണക്കിനുപേരാണ് വള്ളം കളി മത്സരം കാണാൻ എത്തിയിരിക്കുന്നത്. വിദേശത്തുനിന്നും സംസ്ഥാനത്തുനിന്ന് പുറത്തുനിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

 

click me!