പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി നടത്താന്‍ ആര്‍എസ്എസ്-ബിജെപി തീരുമാനം; അമിത് ഷാ എത്തും

By Web Team  |  First Published Jan 4, 2020, 8:18 PM IST

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ പ്രചാരണം ശക്തമാക്കാനാണ് ബിജെപി-ആര്‍എസ്എസ് തീരുമാനം. 


തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം കേരളത്തിലെത്തും. പതിനഞ്ചിന് ശേഷം മലബാറിൽ ഷാ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാനാണ് നീക്കം. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണം ശക്തമാക്കാൻ ബിജെപി-ആർഎസ്എസ് നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. പൗരത്വ നിയമത്തെ ചൊല്ലി കേരളത്തിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അമിത് ഷാ എത്തുന്നത്. നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് വരവ്. 

മലബാറിൽ വൻറാലിയെ ആയിരിക്കും അമിത് ഷാ അഭിസംബോധന ചെയ്യുക. കൊച്ചിയിലും റാലി ആലോചിക്കുന്നുണ്ട്. സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ കൈകോർത്ത കേരളത്തിൽ നേരിട്ടെത്താൻ ഷാ തന്നെയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് വിവരം. കൊച്ചിയിൽ ചേർന്ന പരിവാർ ബൈഠക് റാലിയുടെ ഒരുക്കം ചർച്ച ചെയ്തു. നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെക്കാൾ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ. 

Latest Videos

നിയമത്തെ അനുകൂലിച്ച് ജില്ലാ കേന്ദ്രങ്ങളിൽ കൂടുതൽ വിപുലമായ പ്രചാരണങ്ങൾ നടത്താനും ബിജെപി ആർഎസ്എസ് നേതാക്കൾ പങ്കെടുത്ത ബൈഠക് തീരുമാനിച്ചു. നിയമത്തിനെതിരായ പ്രചാരണത്തിന് വലിയ മേൽക്കൈ കിട്ടുന്നുണ്ടെന്നാണ് ആർഎസ്എസിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷങ്ങൾക്കിടയിൽ മാത്രമല്ല ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലും കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംശയങ്ങളും ഉയരുന്നുണ്ടെന്നും ആർഎസ്സ് കരുതുന്നു. ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ബിജെപിയും ആർഎസ്എസും ലക്ഷ്യമിടുന്നത്.

click me!