പറയാന്‍ 132 വര്‍ഷത്തെ കഥകള്‍, ബ്രണ്ണന്‍ കോളജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ മഹാസംഗമം!

By Web TeamFirst Published Dec 20, 2023, 3:05 PM IST
Highlights

തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍ ഒരു മഹാസംഗമത്തിന് അരങ്ങൊരുങ്ങുന്നു 132 വര്‍ഷത്തെ പാരമ്പര്യമുള്ള കോളജില്‍, ഇക്കാലയളവില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ സംഗമം 2024 ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കും.

സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സമൂഹത്തില്‍ വിഭാഗീയതകള്‍ക്കപ്പുറമുള്ള മാനവികത ഉദ്‌ഘോഷിക്കുന്നതിനും മുമ്പായിരുന്നു ഒരു ബ്രിട്ടീഷുകാരന്‍ തലശ്ശേരിയില്‍ ഈ ചിന്തകള്‍ക്ക് വിത്തിട്ടത്. ആ വിത്ത് മുളച്ചുപൊന്തിയ ബ്രണ്ണന്‍ കോളജും അതേ വഴിയിലൂടെ തന്നെയായിരുന്നു സഞ്ചരിച്ചത്.

 

Latest Videos

 

ഒന്നര നൂറ്റാണ്ടോളമായി വടക്കന്‍ കേരളത്തിലെ അനേകം തലമുറകള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍ ഒരു മഹാസംഗമത്തിന് അരങ്ങൊരുങ്ങുന്നു. 132 വര്‍ഷത്തെ പാരമ്പര്യമുള്ള കോളജില്‍, ഇക്കാലയളവില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ മഹാസംഗമത്തിനാണ് വേദിയാവുന്നത്. 'അല' എന്നു പേരിട്ട സംഗമം 2024 ഫെബ്രുവരി 10, 11 തീയതികളില്‍ കാമ്പസില്‍ നടക്കും. ഇതിനു മുന്നോടിയായി, ജനുവരി എട്ടിന് കോളജ് യൂനിയന്‍ പൂര്‍വ്വ സാരഥി സംഗമവും നടക്കും. 

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ പ്രൊഫ. സി ബാബുരാജ് രക്ഷാധികാരിയുമായ സമിതിയാണ് സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്. പ്രൊഫ. എ വല്‍സലനാണ് ജനറല്‍ കണ്‍വീനര്‍. ഡോ. മഞ്ജുള കെ. വി കോ-ഓര്‍ഡിനേറ്റര്‍. 

സംഗമവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിപുലമായ ഡാറ്റാബേസ് ഉണ്ടാക്കുന്നുണ്ട്. അതിനായി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പേര്, അഡ്രസ്സ്, കോണ്‍ടാക്ട് നമ്പര്‍, ബാച്ച്, അദ്ധ്യയന വര്‍ഷം, ഡിപ്പാര്‍ട്‌മെന്റ്, എന്നീ വിവരങ്ങള്‍ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ഈ ലിങ്ക് പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ എത്തിക്കണമെന്നും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ഇതാണ്: https://www.alumni.brennencollege.ac.in/student.php#formstu

 

1. എഡ്‌വേഡ് ബ്രണ്ണന്‍ താമസിച്ച തലശ്ശേരിയിലെ വസതി. ഇപ്പോഴിത് സബ് കലക്ടറുടെ ബംഗ്ലാവാണ്. 2. തലശ്ശേരി സെന്റ് ജോണ്‍സ് പള്ളിക്കടുത്തുള്ള എഡ്‌വേഡ് ബ്രണ്ണന്‍ ശവകുടീരം. Photos: Premnath.T.Murkoth/ Wikimedia 

കപ്പല്‍ച്ചേതം മുതല്‍ കലാലയംവരെ 

കൊളോണിയല്‍ കാലത്തെ ഒരു കപ്പല്‍ച്ചേതത്തില്‍നിന്നാണ്, ഒരു ദേശത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ബ്രണ്ണന്‍ കോളജിന്റെ തുടക്കം. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉേദ്യാഗസ്ഥനായി ജീവിതം തുടങ്ങി, മൂന്നരപതിറ്റാണ്ടോളം പോര്‍ട്ട് ഓഫീസിലെ മാസ്റ്റര്‍ അറ്റന്‍ഡന്റായി ജോലിചെയ്ത്, തലശ്ശേരിക്കാരുടെ ബ്രണ്ണന്‍ സായ്‌വായി മാറിയ എഡ്‌വേഡ് ബ്രണ്ണന്‍ എന്ന ബ്രിട്ടീഷുകാരനാണ് ഈ കലാശാലയ്ക്ക് ജന്‍മം നല്‍കിയത്. 

1784-ല്‍ ലണ്ടനില്‍ ജനിച്ച ബ്രണ്ണന്‍ 1810-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ അംഗമായി ചേര്‍ന്നു. പിന്നീട് ബോംബെ മറൈന്‍ സര്‍വീസസിലേക്ക് ജോലി മാറി. കാബിന്‍ ബോയ് ആയി ജോലി ചെയ്യുന്നതിനിടെ ഒരു കടല്‍ക്ഷോഭത്തില്‍ അദ്ദേഹം ജോലി ചെയ്ത കപ്പല്‍ തകര്‍ന്നു. കടലില്‍ കുടുങ്ങിയ അദ്ദേഹത്തെ നാട്ടുകാരായ ചില മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി തലശ്ശേരിയില്‍ എത്തിച്ചു. പിന്നെ അദ്ദേഹം തലശ്ശേരി വിട്ടില്ല.  35 വര്‍ഷക്കാലം തലശ്ശേരി പോര്‍ട്ടില്‍ ജോലി ചെയ്ത ബ്രണ്ണന്‍ നാട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തി. 

വിരമിച്ചശേഷം, അദ്ദേഹം ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായി.  1846-ല്‍, ബ്രണ്ണന്‍ 'ടെലിച്ചറി പുവര്‍ ഫണ്ട്' എന്ന പേരില്‍ ദരിദ്രരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ട്രസ്റ്റ് രൂപവല്‍കരിച്ചു. ബ്രണ്ണന്റെ കൈയിലുണ്ടായിരുന്ന മൂവായിരം രൂപയായിരുന്നു ട്രസ്റ്റിന്റെ ആദ്യ വരുമാനം. പിന്നീട്, നാട്ടിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. ആകെയുള്ള ഒന്നരലക്ഷം രൂപ കൂടി അദ്ദേഹം ട്രസ്റ്റിലേക്ക് നല്‍കി. 

അങ്ങനെയാണ് 1861-ല്‍ തലശ്ശേരിയില്‍ ബ്രണ്ണന്‍ ഫ്രീ സ്‌കൂള്‍ തുടങ്ങിയത്. അഞ്ചു വര്‍ഷത്തിനുശേഷം ബാസല്‍ മിഷന്‍ സ്‌കൂളുമായി ഈ വിദ്യാലയത്തെ സംയോജിപ്പിച്ചു. രണ്ടു വര്‍ഷത്തിനുശേഷം ഇത് ഹൈസ്‌കൂളായി ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ നടത്തിപ്പില്‍നിന്നും ബാസല്‍ മിഷന്‍ പിന്‍വാങ്ങി. 1884-ല്‍ ഇത് നഗരസഭ ഏറ്റെടുത്തു. 1894-ല്‍ ഇത് ബ്രണ്ണന്‍ കോളജായി വളര്‍ന്നു. 1949-ല്‍ കോളജ് നിലനിര്‍ത്തി, സ്‌കൂള്‍ സമീപപ്രദേശമായ ചിറക്കരയിലേക്ക് മാറ്റി.  1958-ല്‍ കോളജ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ധര്‍മടത്തേക്ക് മാറി. സ്‌കൂള്‍ തലശ്ശേരി പട്ടണത്തിലേക്ക് തിരിച്ചുവന്നു. 

1859-ഒക്‌ടോബര്‍ രണ്ടിനാണ്, ഒരു നാടിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ നേതൃത്വം നല്‍കിയ ആ ബ്രിട്ടീഷ് നാവികന്‍ -എഡ്‌വേഡ് ബ്രണ്ണന്‍ -ജീവിതത്തോട് വിടപറഞ്ഞത്. തലശ്ശേരി കോട്ടയുടെ പിന്നിലുള്ള സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരമുള്ളത്. 

 

തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജ്

 

വേര്‍തിരിവുകളില്ലാത്ത വിദ്യാഭ്യാസം, ഒരു ബ്രണ്ണന്‍ സ്വപ്നം

ദാരിദ്ര്യവും നിരക്ഷരതയും പരാധീനതകളും ആഴത്തില്‍ അനുഭവിക്കുമ്പോഴും, മതത്തിന്റെയും ജാതിയുടെയും പേരില്‍ വേറിട്ട് ജീവിക്കുന്നവരുടെ ആ കാലത്ത്, ആളുകളെ വേര്‍തിരിവില്ലാതെ കണ്ട ഒരാളായിരുന്നു എഡ്‌വേഡ് ബ്രണ്ണന്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ അദ്ദേഹത്തെ നയിച്ചത് ജാതി-മത- വര്‍ണാതീതമായ മാനവികതയായിരുന്നു. 'ജാതി-മത- വര്‍ണ വ്യത്യാസങ്ങളില്ലാതെ, എല്ലാ കുട്ടികള്‍ക്കും ആധുനികവിദ്യാഭ്യാസം നല്‍കുന്നതിന് തന്റെ സമ്പത്ത് നീക്കിവെക്കുന്നു' എന്നായിരുന്നു ബ്രണ്ണന്‍ സായ്‌വിന്റെ ഒസ്യത്ത്. 

സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സമൂഹത്തില്‍ വിഭാഗീയതകള്‍ക്കപ്പുറമുള്ള മാനവികത ഉദ്‌ഘോഷിക്കുന്നതിനും മുമ്പായിരുന്നു ഒരു ബ്രിട്ടീഷുകാരന്‍ തലശ്ശേരിയില്‍ ഈ ചിന്തകള്‍ക്ക് വിത്തിട്ടത്. ആ വിത്ത് മുളച്ചുപൊന്തിയ ബ്രണ്ണന്‍ കോളജും അതേ വഴിയിലൂടെ തന്നെയായിരുന്നു സഞ്ചരിച്ചത്. ജാതി, മത വിഭാഗീയതകള്‍ക്കപ്പുറം, എല്ലാ വിഭാഗത്തിലും പെട്ട മിടുക്കരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന ഒരിടമായി അത് വളര്‍ന്നത്, പല കാലങ്ങളിലേക്ക് പടര്‍ന്നത് അടിത്തറയില്‍ ആഴത്തില്‍ വേരൂന്നപ്പെട്ട ഈ തുല്യതാബോധത്തിന്റെ കൂടി പ്രതിഫലനമായാണ്. 

 

സംഘാടക സമിതി ഓഫീസ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ ഡിസൈനര്‍ സൈനുല്‍ ആബിദ് തയ്യാറാക്കിയ സംഗമത്തിന്റെ ലോഗോ പ്രകാശനം ഡോ. ആര്‍ രാജശ്രീ നിര്‍വഹിക്കുന്നു.
 

കടലലകളുടെ ഓര്‍മ്മയില്‍ ഒരു മഹാസംഗമം 

ബ്രണ്ണന്‍ സ്‌കൂള്‍ ആരംഭിച്ചിട്ട് 162 വര്‍ഷവും ബ്രണ്ണന്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയിട്ട് 132 വര്‍ഷവും പിന്നിടുന്ന സാഹചര്യത്തിലാണ്, ലോകമെങ്ങും ചിതറിക്കിടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഇവിടെ പഠിപ്പിച്ച് മറ്റ് വഴികളിലേക്ക് പടര്‍ന്ന പൂര്‍വ്വ അധ്യാപകരെയും ഒന്നിപ്പിക്കുന്നതിനായി 2024 ഫെബ്രുവരിയില്‍ ഈ മഹാസംഗമം നടക്കുന്നത്.  

പുത്തന്‍ കോഴ്‌സുകളും പുതിയ സൗകര്യങ്ങളുമായി കോളജ് അക്കാദമിക് വളര്‍ച്ചയുടെ പുതുപടവുകള്‍ താണ്ടുന്നതിനിടയിലാണ് നിലവിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകളിലെ അംഗങ്ങളെയും അംഗങ്ങളല്ലാത്തവരെയും പങ്കെടുപ്പിച്ച് വിപുലമായി പൂര്‍വവിദ്യാര്‍ഥി- പൂര്‍വാധ്യാപക സംഗമം നടത്താന്‍ കോളേജ് കൗണ്‍സിലും അലുംനി കോഡിനേഷന്‍ കമ്മിറ്റിയും തീരുമാനിച്ചതെന്ന് സംഘാടക സമിതി വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സംഗമം. അനുബന്ധ പരിപാടികളുമുണ്ടാകുമെന്ന് സമിതി അറിയിച്ചു. 

മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും ഒരിക്കല്‍ക്കൂടി ഒത്തുചേരുന്നതിനുള്ള അപൂര്‍വ സന്ദര്‍ഭത്തിന് ബ്രണ്ണന്‍ അല ( അലുംനി അസംബ്ലി ) എന്നാണ് പേരിട്ടത്. കപ്പല്‍ച്ചേതത്തില്‍നിന്ന് കരപറ്റിയൊരു നാവികന്റെ ഓര്‍മ്മയെയും കടലലകളും തലശ്ശേരിയും തമ്മിലുള്ള ചരിത്ര-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നതാണ് 'അല' എന്ന പേര്. പൂര്‍വവിദ്യാര്‍ത്ഥിയും ഇന്ത്യയിലെ ഒന്നാം നിര ഡിസൈനര്‍മാരില്‍ ഒരാളുമായ സൈനുല്‍ ആബിദാണ് സംഗമത്തിന്റെ ലോഗോ തയ്യാറാക്കിയത്. 

സംഗമത്തിന്റെ സംഘാടക സമിതി ഓഫീസ് കഴിഞ്ഞ ദിവസം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ആര്‍ രാജശ്രീ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍ കെ രവി, വി എ നാരായണന്‍, വി മണിവര്‍ണ്ണന്‍, ടി അനില്‍, സി രഘുനാഥ്, ഡോ. എ വല്‍സലന്‍, ഡോ. കെ വി മഞ്ജുള, കെ താരാനാഥ്, അഡ്വ. വി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. 

click me!