'ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല'; പാര്‍ട്ടിയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

By Web Team  |  First Published Jun 28, 2021, 7:04 PM IST

പാര്‍ട്ടിയെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പരിപാടിയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും  നടത്തുന്നെന്നാണ് ഡിവൈഎഐഫ്‌ഐ ജില്ലാ സെക്രട്ടറി ആരോപിച്ചിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയെ സിപിഎം പുറത്താക്കിയത്.
 


കണ്ണൂര്‍: സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം മുന്‍ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരി ഡിവൈഎഫ്‌ഐക്കെതിരെ തിരിഞ്ഞത്. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നഒരാളെന്ന നിലയില്‍ അംഗീകരിക്കാനാകില്ലെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. ഈ പ്രചാരണം തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി. 

പാര്‍ട്ടിയെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പരിപാടിയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും  നടത്തുന്നെന്നാണ് ഡിവൈഎഐഫ്‌ഐ ജില്ലാ സെക്രട്ടറി ആരോപിച്ചിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയെ സിപിഎം പുറത്താക്കിയത്. സിപിഎമ്മുകാരെ കൊലപ്പെടുത്തിയ ആര്‍എസ് എസ് സംഘവുമായി ചേര്‍ന്നുപോലും ഇപ്പോള്‍ ക്വട്ടേഷന്‍ നടത്തുന്നയാളാണ് ആകാശെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആരോപണം.

Latest Videos

undefined

സിപിഎം പ്രവര്‍ത്തകരെ കൊന്നവരുടെ കൂടെ ക്വട്ടേഷന്‍ നടത്തിയെന്ന പ്രസ്താവനയാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചത്. രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേര് പറഞ്ഞ് തുറന്നുകാട്ടണം. താന്‍ അത് ചെയ്‌തെന്ന് തെളിയിക്കുമെങ്കില്‍ തെരുവില്‍ നില്‍ക്കാം. നിങ്ങളെന്നെ കല്ലെറിഞ്ഞുകൊന്നോളൂ. അതില്‍ കുറഞ്ഞ ശിക്ഷ പാര്‍ട്ടിയെ ഒറ്റിയവന് കല്‍പ്പിക്കാന്‍ ഇല്ല. നുണപ്രചാരണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ എനിക്കും പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!