പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലൻ വെളിപ്പെടുത്തി.
പാലക്കാട് : ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിൽ തടസങ്ങളുണ്ടെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. ആകാശത്ത് നിന്നും എഫ്ഐആർ ഇടാനാകില്ല. റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലൻ വിശദീകരിച്ചു.
സിനിമാ മേഖലയിൽ നിന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് കിട്ടിയിട്ടില്ല. മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ കേസെടുക്കാൻ കഴിയുകയുളളു. പുറത്ത് വിടാത്ത റിപ്പോർട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ് ഐ ആർ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലൻ വെളിപ്പെടുത്തി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ വാദം തള്ളിയ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടായിരുന്നത് സാംസ്കാരിക വകുപ്പിൻ്റെ അടുത്ത് തന്നെയാണെന്നും വ്യക്തമാക്കി.
നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റ് : ശശി തരൂർ
ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നിയമ നടപടി വേണമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.