സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു; പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും

By Web TeamFirst Published Oct 10, 2024, 3:05 PM IST
Highlights

തോമസിന്റെ മൃതദേഹം വീടിന് പുറത്തുള്ള കോമ്പൗണ്ട് മതിലിനോട് ചേർന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചു വെച്ച ശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര,  ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണിനെ(53)യാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും  2 ലക്ഷം  രൂപ പിഴ ഒടുക്കുന്നതിനുമായി നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെങ്കൽ, തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ 
തോമസിനെ(43)യാണ് ജോൺ കൊലപ്പെടുത്തിയത്.         

പ്രതി ജോൺ കൊലചെയ്യപ്പെട്ട തോമസിനോട് മുൻവൈരാ​ഗ്യമുണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളും പിടിവലിയും കളിയാക്കലുകളും പതിവായിരുന്നു. ജൂൺ 23ന് രാത്രി ചെങ്കൽ വട്ടവിള ജംഗ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിന് മുൻവശത്ത് വെച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി, തോമസിനെ നാട്ടുകാരുടെ മുന്നിൽ വെച്ചു പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്ത ശേഷം അനുനയിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ തോമസിനെ പ്രതി ജോണി നിർബന്ധിച്ച് അയാളുടെ ബൈക്കിൽ കയറ്റി കുഴിച്ചാണിയിലെ പ്രതി താമസിക്കുന്ന അശ്വതി ഭവൻ വീടിന്റെ ഹാൾമുറിയിൽ ബലമായി കൊണ്ട് ചെന്ന് രാത്രിയിൽ മർദ്ദിച്ച് അവശനാക്കി. 

Latest Videos

പാറക്കഷണം കൊണ്ട് തോമസിന്റെ നെഞ്ചിൽ ഇടിച്ച് എട്ട് വാരിയെല്ലുകൾ പൊട്ടിച്ചും തല പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന കട്ടിലിന്റെ കാലിൽ ഇടിച്ചുമാണ് തോമസിനെ ജോണി കൊലപ്പെടുത്തിയത്. അടുത്ത ദിവസമാണ് തോമസിന്റെ മൃതദേഹം വീടിന് പുറത്തുള്ള കോമ്പൗണ്ട് മതിലിനോട് ചേർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച പാറക്കല്ലിന്റെ കഷണവും, രക്തം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്‌, മുണ്ട്, ഷർട്ട്‌ എന്നിവയും കണ്ടെടുത്തു. വീട്ടിലെ തറയിൽ കണ്ട രക്തക്കറയും, പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്തക്കറയും, വായിൽ നിന്നുമുള്ള ശ്രവങ്ങളും ഫോറൻസിക് പരിശോധനയിൽ മരണപ്പെട്ട തോമസിന്റേതാണെന്ന് തെളിഞ്ഞു.

കൃത്യം നടന്ന ദിവസം രാത്രിയിൽ ജോണി, തോമസിനെ ബൈക്കിന്റെ പുറകിലിരുത്തി കൊണ്ടുപോകുന്നത് വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ മറ്റൊരു തെളിവായി മാറി. കോടതിയുടെ ചോദ്യത്തിൽ പ്രതി കൃത്യം നടന്ന ദിവസം തന്റെ സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ പ്രതി ജോണി നിരവധി കഞ്ചാവ്, ചാരായം, മണൽ കടത്ത് കേസുകളിലും പ്രതിയായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ ഭാര്യയും മക്കളും 9 വർഷം മുന്നേ പിണങ്ങി പോയിരുന്നു. 

കുറ്റം തെളിഞ്ഞതോടെ 341,342,364, 323,326,& 302 എന്നീ വകുപ്പുകൾ പ്രകാരം കോടതി പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രോസിക്യുഷൻ കേസിൽ 46 സാക്ഷികളെ വിസ്തരിച്ചു. 70 രേഖകളും 37 കേസിൽപ്പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കി. പാറശ്ശാല പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ, സർക്കിൾ ഇൻസ്‌പെക്ടർമാരായ ഇ.കെ സോൾജി മോൻ, എം.ആ‍ർ മൃദുൽ കുമാർ, ടി.സതികുമാർ എന്നിവരാണ് തുടരന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.

 READ MORE: കഴക്കൂട്ടത്തെ പീഡനം; പ്രതി കാമുകന്‍റെ കൂട്ടുകാരൻ, അപ്പാർട്ട്മെന്‍റിലെത്തിയത് 'രഹസ്യ വിവരം' നൽകാനെന്ന പേരിൽ

click me!