പൊലീസ് വരുന്നത് കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിച്ചിരുന്നു.
അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു (24), പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ അർജ്ജുൻ (27), മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡിൽ അമ്പലമുക്ക് ശ്രാവൺ ഭവനത്തില്‍ ശ്യാംകുമാർ (33) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2-ാം വാർഡിൽ വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ജയകുമാർ (55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 4-ാം തീയതി രാത്രി 9.30നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാവിലെ 11 മണിയോട് കൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ബാറിലെ ജീവനക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിക്കുകയും അവർ രക്ഷപ്പെട്ട വഴി കാണിച്ച് കൊടുക്കുകയും ചെയ്തു. മടങ്ങി വന്ന ടിനോയെ ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിന്റെ വടക്ക് ഭാഗത്തുള്ള വീടിന് സമീപം പതുങ്ങി നിന്ന വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
READ MORE: ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി; വ്യോമാക്രമണത്തിൽ ലോജിസ്റ്റിക്സ് തലവനെയും വധിച്ചെന്ന് ഇസ്രായേൽ