'അബിഗേലിനെ എത്തിച്ചത് മാസ്ക് ധരിപ്പിച്ച്, മൈതാനത്തിരുത്തി സ്ത്രീ മുങ്ങി'ആദ്യം കണ്ടത് കോളേജ് വിദ്യാ‌‌‌‌ർത്ഥികൾ

By Web Team  |  First Published Nov 28, 2023, 3:37 PM IST

കുട്ടിയുമായി കാറിലാണ് രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതികളെ കണ്ടുവെന്ന മൊഴികളുടെ ഉള്‍പ്പെടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. 


കൊല്ലം: തട്ടിക്കൊണ്ടുപോയി അബിഗേല്‍ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അബിഗേല്‍ സാറയെ നാട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്ക് ധരിപ്പിച്ചായിരുന്നു മൈതാനത്തിരുത്തി സ്ത്രീ കടന്നുകളഞ്ഞിരുന്നത്. കുട്ടിയെ ആദ്യം കാണുമ്പോള്‍ ഒരു യുവതിയും കൂടെയുണ്ടായിരുന്നുവെന്ന് നാട്ടുകാരും എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളും പറഞ്ഞു. സ്ത്രീക്കൊപ്പം മൈതാനത്ത് കുട്ടിയെ ആദ്യം കണ്ടവര്‍ക്ക് സംശയം തോന്നിയിരുന്നില്ല. തിരക്കേറിയ സമയമായതിനാല്‍ തന്നെ പലരും ഇവിടെയെത്താറുള്ളതാണ്. കുട്ടിയൊടൊപ്പം സ്ത്രീയുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം സംശയം തോന്നിയുമില്ല. കുട്ടിയെ മാസ്ക് ധരിപ്പിച്ചതിനാല്‍ തന്നെ ആദ്യം തിരിച്ചറിയാനുമായിരുന്നില്ല.

എന്നാല്‍, കുട്ടിയെ ഇരിപ്പിടത്തിലിരുത്തിയശേഷം തിരിഞ്ഞുനോക്കാതെ സ്ത്രീ പോവുകയായിരുന്നു. കുട്ടിയുടെ അച്ഛനെ വിളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സ്ത്രീ അവിടെനിന്നും പോയതെന്ന് വിദ്യാര്‍ത്ഥികല്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഫോണില്‍ അബിഗേലിന്‍റെ ചിത്രം നോക്കുകയായിരുന്നു. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങള്‍ നോക്കി ഉറപ്പാക്കിയശേഷം മാസ്ക് മാറ്റി നോക്കിയപ്പോഴാണ് അബിഗേല്‍ സാറായാണെന്ന് വ്യക്തമായത്. എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ നാട്ടുകാരും ഇവിടേക്ക് എത്തി ആവശ്യമായ ഇടപെടല്‍ നടത്തി. കുട്ടിയെ തിരിച്ചറിയുന്നതിന് മുമ്പായി ആശ്രാമം മൈതാനത്ത് കുട്ടിയുമായി സ്ത്രീയെ നാട്ടുകാരിലൊരാളും കണ്ടിരുന്നു. ഇദ്ദേഹം സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ആശ്രാമം മൈതാനത്തിന് സമീപം താമസിക്കുന്ന യുവതി പറഞ്ഞു. കുട്ടിക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള ചുരിദാറാണ് അവര്‍ ധരിച്ചിരുന്നതെന്നും ആദ്യം കണ്ട യുവാവ് പറഞ്ഞു.

Latest Videos

കുട്ടിയെ മൈതാനത്തുനിന്നും കണ്ടെത്തുന്നതിന് മുമ്പായി ഇന്‍കം ടാക്സ് ക്വാട്ടേഴ്സിനുള്ളില്‍ കയറാന്‍ സംഘം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടിയുമായി  രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്. ആശ്രാമം മൈതാനത്തിന് സമീപമുള്ള  ഇന്‍കം ടാക്സ് ക്വാട്ടേഴ്സിനുള്ളില്‍ കയറാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് കുറ്റവാളികള്‍ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതെന്നും കുട്ടിയെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആദ്യം തിരിച്ചറിയുന്നതും. 20 മണിക്കൂറിനുശേഷം അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയെന്ന ആശ്വാസ വാര്‍ത്തയെത്തുന്നത്. പ്രതികളെ കണ്ടുവെന്ന മൊഴികളുടെ ഉള്‍പ്പെടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. 

'അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി, പൊലീസ് പത്മവ്യൂഹം തീര്‍ത്തു, കുറ്റവാളികള്‍ സമ്മര്‍ദത്തിലായി'
 

undefined

 

click me!