അമിത്ഷായെ രാജി വെപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് ചുമതല കൊടുക്കൂ; മെക് 7 വിവാദത്തിൽ സന്ദീപ് വാര്യർ

By Web Team  |  First Published Dec 16, 2024, 2:16 PM IST

കോൺസ്പിറസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.


പാലക്കാട്: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്.  രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാൻ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കണമെന്ന് സന്ദീപ് പരിഹസിച്ചു.

രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജൻസികൾക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്.  ഉള്ളിയേരിയിൽ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാൻ കെ സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേയെന്ന് സന്ദീപ് പരിഹസിക്കുന്നു. കോൺസ്പിറസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

Latest Videos

മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലിൽ പോയാലും ജിംനേഷ്യത്തിൽ പോയാലും റേഷൻ കടയിൽ പോയാലും  മുസ്ലിങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും ?  ഈ നാട്ടിലെ മനുഷ്യർക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ ? ബിജെപിക്ക് പറയാൻ ബുദ്ധിമുട്ടുള്ളതോ ബിജെപി പറഞ്ഞാൽ ജനങ്ങൾ ഏറ്റെടുക്കാത്തതോ ആയ മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് മെക് സെവൻ വിവാദവുമെന്ന് സന്ദീപ് പറഞ്ഞു.

പാലക്കാട്ടെ പത്ര പരസ്യം പോലെ സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത മെക് സെവനിലും പുറത്തുവന്നിരിക്കുകയാണ് . കോൺസ്പിരസി തിയറികൾ പടച്ചുവിട്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന പരിപാടികൾ അവസാനിപ്പിക്കുന്നതാണ് നമ്മുടെ നാടിനു ഗുണകരം. ബിജെപിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് സിപിഎം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ ഈ നാട് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

Read More : വിവാദങ്ങൾക്കിടെ മെക് 7 ഉദ്ഘാടനം ചെയ്ത് വികെ ശ്രീകണ്ഠൻ എംപി; രാജ്യവ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയെന്ന് പരാമർശം

click me!