കേരള മോഡല്‍; 'ഫാക്ട് ചെക്കിംഗ്' 5, 7 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തി

By Web TeamFirst Published Aug 14, 2024, 3:54 PM IST
Highlights

ബ്രിട്ടന് മുമ്പേ സഞ്ചരിക്കുന്ന കേരളം, വ്യാജ വാര്‍ത്തകള്‍ കണ്ടെത്താനുള്ള വഴി സ്‌കൂള്‍ പാഠപുസ്‌തകത്തില്‍!

തിരുവനന്തപുരം: ഇനി സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുളയിലെ നുള്ളിക്കളയും. ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തമാക്കുന്ന 'ഫാക്ട് ചെക്കിംഗ്' അധ്യായങ്ങള്‍ കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ബ്രിട്ടനിലെ പ്രൈമറി പാഠ്യപദ്ധതിയില്‍ ഇത്തരം അധ്യായങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുമ്പ് വാര്‍ത്ത വന്നിരുന്നു. 

മുന്‍കൈയെടുത്ത് 'കൈറ്റ്'

Latest Videos

2022ല്‍ 'സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി 5 മുതല്‍ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം കൈറ്റിന്‍റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു.പി. തലത്തിലെ കുട്ടികള്‍ക്കും, 10.24 ലക്ഷം ഹൈസ്‌കൂള്‍ കുട്ടികള്‍ക്കും രാജ്യത്താദ്യമായി 2024ല്‍ പരിശീലനം നല്‍കിയത്. 

'സത്യമേവ ജയതേ'യുടെ ജയത്തുടര്‍ച്ച

‘സത്യമേവ ജയതേ’യുടെ അനുഭവം ഉള്‍ക്കൊണ്ടാണ് പുതിയ ഐ.സി.ടി. പാഠപുസ്തകത്തില്‍ വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും തിരിച്ചറിയാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. അടുത്ത വര്‍ഷം പരിഷ്‌കരിക്കുന്ന 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ വ്യാജ വാര്‍ത്തകളെയും ഫാക്ട് ചെക്കിംഗിനെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തും.

എന്തൊക്കെ പഠിക്കാം

വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല, സ്ക്രീന്‍സമയം നിയന്ത്രിക്കുന്നതിനെ കുറിച്ചും 'ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍’ എന്ന അഞ്ചാം ക്ലാസിലെ അധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ 'തിരയാം, കണ്ടെത്താം’ എന്ന അധ്യായത്തിലും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിപ്പിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നും ഇതില്‍ വിശദീകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാഠപുസ്തകത്തിലുണ്ട്. 

Read more: വയനാട് ഉരുള്‍പൊട്ടലിന് തൊട്ടുമുമ്പ് രക്ഷപ്പെട്ട് മലയിറങ്ങുന്ന ആനകളുടെ വീഡിയോയോ ഇത്? സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!