ഓൺലൈൻ ട്രേഡിം​ഗിലൂടെ 13 ലക്ഷം കവ‍ർന്ന കേസ്; വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

By Web Team  |  First Published Nov 11, 2024, 6:59 PM IST

ഓണ്‍ലൈന്‍ ട്രേഡിം​ഗ് ബിസിനസ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. 


സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിം​ഗ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി പത്മാലയം വീട്ടില്‍ വൈശാഖിനെ(29)യാണ് ശനിയാഴ്ച വൈകിട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് വൈശാഖ് പിടിയിലാകുന്നത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

ഓണ്‍ലൈന്‍ ട്രേഡിം​ഗ് ബിസിനസ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2021 ജൂലൈ മുതല്‍ 2023 സെപ്തംബര്‍ വരെ വിവിധ തവണകളിലായി 13 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. ലാഭ വിഹിതമോ, വാങ്ങിയ പണമോ തിരികെ നല്‍കിയില്ല. എസ്.ഐ പ്രഷോഭ്, എ.എസ്.ഐ സുമേഷ്, സി.പി.ഒമാരായ കെ.കെ. അനില്‍, അനിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കരിപ്പുര്‍ വിമാനത്താവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Latest Videos

READ MORE: പെട്രോൾ അടിക്കാൻ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിന് കയ്യടി

click me!