സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

By Web Team  |  First Published Nov 27, 2019, 7:12 AM IST
  • അപ്പീലടക്കം 13000ത്തിലധികം മത്സരാർത്ഥികൾ കലോത്സവ നഗരിയിലെത്തും
  • മത്സരങ്ങൾ കാണാനെത്തുന്നവർക്ക് എല്ലാ വേദികളിലേക്കും സൗജന്യ ബസ് സർ‍വ്വീസും ഒരുക്കിയിട്ടുണ്ട്

കാഞ്ഞങ്ങാട്: കൗമാര കലയുടെ നാല് രാപ്പകലുകൾക്ക് തുടക്കമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒൻപതിന് സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിക്കുക. 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞ‌ങ്ങാടും കാസർഗോഡ് ജില്ലയും.

കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണമായി. 28 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 അധ്യാപകർ ചേർന്നാലപിക്കുന്ന സ്വാഗതഗാനം ചടങ്ങിന് മിഴിവേകും. അകമ്പടിയായി വിദ്യാർത്ഥികളുടെ നൃത്തശിൽപ്പവുമുണ്ടാകും.

Latest Videos

undefined

അപ്പീലടക്കം 13000ത്തിലധികം മത്സരാർത്ഥികൾ കലോത്സവ നഗരിയിലെത്തുമെന്നാണ് വിവരം. 239 ഇനങ്ങളിലാണ് മത്സരം. ദിവസവും സാംസ്കാരിക പരിപാടികൾക്കായി രണ്ട് വേദികൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.

കലോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണമൊരുക്കാൻ കലവറയും തയ്യാറായി കഴിഞ്ഞു. മൂവായിരത്തോളം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുരയിൽ കാസർകോട് സ്പെഷ്യൽ വിഭവങ്ങളുമുണ്ടാകും.

പങ്കെടുക്കുന്ന എല്ലാവർക്കും ട്രോഫിക്ക് പുറമെ, കാണാനെത്തുന്നവർക്ക് എല്ലാ വേദികളിലേക്കും സൗജന്യ ബസ് സർ‍വ്വീസും ഒരുക്കിയിട്ടുണ്ട്. കലോത്സവം നേരിൽ കാണാനാകാത്തവർക്കായി പൂമരം എന്ന മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ തന്നെ തയാറാക്കിയിട്ടുണ്ട്. ആദ്യാവസാനം ഹരിത പ്രോട്ടോക്കോൾ ശക്തമായി പാലിച്ചാകും കലോത്സവം.

കൊടിമരം സംഭാവന ചെയ്തത് മുതൽ ഓരോ ഘട്ടങ്ങളിലുമുണ്ടായ ജനകീയ പങ്കാളിത്തമാണ് ഇതുവരെയുണ്ടായ പ്രത്യേകത. കലോത്സവകാഴ്ചകൾ മാത്രമല്ല, കാഞ്ഞങ്ങാടിന്റെ ഓരോ വൈവിധ്യവും നിങ്ങളിലെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും സജ്ജം.

click me!