25 പേർ കൂട്ടുകുടുംബമായി താമസിച്ച വീട്ടിലെ 13 പേർക്കാണ് രോഗബാധയുണ്ടായത്. ഒരാൾ മരിച്ചെങ്കിലും 12 പേരും രോഗത്തെ അതിജീവിച്ചു
കണ്ണൂർ: കേരളത്തിൽ ഒരു കുടുംബത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചത് കണ്ണൂർ ധർമ്മടത്തായിരുന്നു. 25 പേർ കൂട്ടുകുടുംബമായി താമസിച്ച വീട്ടിലെ 13 പേർക്കാണ് രോഗബാധയുണ്ടായത്. ഒരാൾ മരിച്ചെങ്കിലും 12 പേരും രോഗത്തെ അതിജീവിച്ചു. ആ ദിവസങ്ങളിൽ നാട്ടുകാർ കുറ്റപ്പെടുത്തിയതും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതും ഏറെ വേദനയുണ്ടാക്കിയതായി കുടുംബാംഗങ്ങൾ പറയുന്നു.
10 വർഷത്തിലേറെയായി കിടപ്പുരോഗിയായിരുന്ന റഫീഖിന്റെ ഉമ്മ ആസിയയെ രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ മെയ് 18 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകിച്ച് അഞ്ച് ദിവസത്തിനകം ആസിയ മരിച്ചു. കുട്ടികളടക്കം ഒരു കുടുംബത്തിലെ 13 പേർക്ക് കൊവഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പിന്നാലെയുള്ള ദിവസങ്ങളിൽ വന്നത്. ധർമ്മടം പ്രദേശം ആകെ അടച്ചുപൂട്ടി. ആളുകൾ ഭയന്ന് വീട്ടിൽ നിന്നിറങ്ങാതെയായി. പിന്നാലെ കുടുംബത്തിനെതിരെ ഇല്ലാക്കഥകളാണ് സമൂഹമാധ്യങ്ങളിൽ പറന്നു നടന്നത്. അന്ന് ആശ്വാസമായി ഒപ്പം നിന്നത് ആരോഗ്യ വകുപ്പും പൊലീസുമാണെന്നും കുടുംബാംഗങ്ങൾ പറയുന്നു.
undefined
മത്സ്യവ്യാപരവുമായി ബന്ധപ്പെട്ട ജോലിയാണ് ഈ കുടുംബം നടത്തുന്നത്. വ്യാപാര സ്ഥലത്തുനിന്നാവാം രോഗം പകർന്നത് എന്ന നിഗമനത്തിലാണ് പിന്നീട് ആരോഗ്യ വകുപ്പ് എത്തിയത്. രോഗബാധിതരായ 12 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു. രോഗം ഇല്ലാതിരുന്ന 12 പേർ വീട്ടിൽ നിരീക്ഷണത്തിലും. ആശുപത്രിയിലുള്ളവർക്കൊന്നും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കൊവിഡിനെ അതിജീവിച്ച് അവരും വീട്ടിലേക്ക് മടങ്ങി.