പരിയാരം മെഡിക്കൽ കോളേജിലെ ജനറൽ ഒപി, സമ്പർക്കം ഉണ്ടായ വാർഡുകൾ, ഓപ്പറേഷൻ തീയേറ്ററുകൾ, ഐസിയു തുടങ്ങി അണുബാധ ഏൽക്കാൻ സാധ്യതയുള്ള മേഖലകൾ 30 വരെ അടച്ചിടും.
കണ്ണൂർ: പരിയാരം സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ വാർഡില്‍ എട്ട് രോഗികൾക്ക് ഉൾപ്പടെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ ചികിത്സക്കെത്തിയവരുടെ കൂട്ടിരിപ്പുകാരാണ്. റാപ്പിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ജനറൽ ഒപി, സമ്പർക്കം ഉണ്ടായ വാർഡുകൾ, ഓപ്പറേഷൻ തീയേറ്ററുകൾ, ഐസിയു തുടങ്ങി അണുബാധ ഏൽക്കാൻ സാധ്യതയുള്ള മേഖലകൾ 30 വരെ അടച്ചിടും. അണുനശീകരണം നടത്തി 31 മുതൽ വീണ്ടും പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം ഏഴ് ആരോഗ്യപ്രവർത്തകർക്കാണ് പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നേഴ്സുമാർ, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റ് എന്നിവരുടെ സമ്പർക്കത്തിൽ വന്ന 150 ആരോഗ്യ പ്രവർത്തകർ ക്വാറൻ്റീനിലാണ്. വിവിധ രോഗങ്ങൾക്കായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 12 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ആശങ്കപ്പെടുത്തുന്ന വിവരം.