ഓണം ബമ്പറടിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അഹമ്മദ് പ്രതികരിച്ചത്.
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യവാനെ കുറിച്ചുള്ള ചർച്ചകളായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ കേരക്കരയിൽ നടന്നത്. ഇതിനിടയിൽ ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.12 കോടി നേടിയ ഭാഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന് അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രംഗത്തെത്തിയത്. എന്നാൽ, കോഴിക്കോട്ടുകാരനായ സുഹൃത്ത് എടുത്ത ടിക്കറ്റെന്ന സെയ്തലവിയുടെ വാദം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വയനാട്ടില്‍ എത്തിയതിലായിരുന്നു അവ്യക്തത. എന്നാൽ കൊച്ചിയിലെ ഓട്ടോഡ്രൈവറായ ജയപാലാണ് തിരുവോണം ബമ്പർ ഭാഗ്യവാനെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഓണം ബമ്പറടിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അഹമ്മദ് പ്രതികരിച്ചത്.
അഹമ്മദിന്റെ വാക്കുകൾ
എന്റെ കയ്യിൽ ടിക്കറ്റില്ല. അതിനെ പറ്റി എനിക്ക് യാതൊന്നും അറിയില്ല. എനിക്ക് ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല, സെയ്തലവിയുമായി കമ്പനി ഉണ്ടെന്ന് മാത്രേയുള്ളൂ.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona