സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ഈ മാസം 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെടും. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാൽ
ദില്ലി: സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ (Kn Balagopal) ആദ്യത്തെ സമ്പൂർണ ബജറ്റ് (Kerala budget 2022 ) ഈ മാസം 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെടും. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാൽ.(C Achuthamenon) സി അച്യുതമേനോൻ തുടങ്ങി ഇതുവരെ 64 ബജറ്റുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അറുപത്തിയഞ്ചാമത് ബജറ്റിന് ആണ് നിയമസഭ വീണ്ടും സമ്മേളിക്കുന്നത്.
കഴിഞ്ഞ വർഷം ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്കരിച്ച പതിപ്പ് മാത്രമായിരുന്നു ഇത്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡ് അന്തരിച്ച മുൻ മന്ത്രി കെ എം മാണിക്കാണ്. തൊട്ടുപിന്നിൽ 10 ബജറ്റുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഡോക്ടർ തോമസ് ഐസക്കുണ്ട്. 1957 ജൂൺ ഏഴിന് സി അച്യുതമേനോനാണ് സംസ്ഥാനത്തെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.
undefined
തുടർച്ചയായ 5 ബജറ്റുകൾ അവതരിപ്പിക്കാനുള്ള അവസരം കെഎം മാണിക്കും തോമസ് ഐസക്കിനും പുറമേ ആർ ശങ്കറിനും ടി ശിവദാസമേനോനും മാത്രമായിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും മാറിമാറി ഭരിച്ച കേരളത്തിൽ രണ്ടു മുന്നണികളുടെയും ഭാഗമായി നിന്ന് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത് കെഎം മാണിക്കും സി അച്യുതമേനോനുമാണ്.
കേരള നിയമസഭയിൽ അല്ലാതെ ലോക്സഭയിലും സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1965-66 കാലത്തും തൊട്ടടുത്ത വർഷവും ലോക്സഭയിൽ ആണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 1982 മുതൽ 89 വരെ ലോക്സഭയാണ് കേരളത്തിന്റെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയത്.
കെ ശങ്കരനാരായണൻ, വി വിശ്വനാഥ മേനോൻ, സി അച്യുതമേനോൻ എന്നിവർ നാല് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പികെ കുഞ്ഞും വക്കം പുരുഷോത്തമനും രണ്ടുവീതം ബജറ്റുകൾ ആണ് അവതരിപ്പിച്ചത്. എൻകെ ശേഷൻ, കെ ടി ജോർജ്, സി എച്ച് മുഹമ്മദ് കോയ, എംകെ ഹേമചന്ദ്രൻ, എസ് വരദരാജൻ നായർ, സിവി പത്മരാജൻ എന്നിവർ ഓരോ ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.