കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് ആണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് ആണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
സുരേഷിൻ്റെ വാക്കുകൾ -
undefined
'നാളെ ആഗസ്റ്റ് 15 ആയതോണ്ട് കുട്ടികൾക്ക് മിഠായി എല്ലാം വാങ്ങികൊടുക്കുന്ന കാര്യം പറഞ്ഞിരിക്കുമ്പോൾ ആണ് ചില ടീമുകൾ ഇങ്ങോട്ടേക്ക് എത്തിയത്. എന്നു വച്ചാൽ ഇവിടെയുള്ള ആൾക്കാരാണ്, പഴയ പാർട്ടി സഖാക്കളും മറ്റുമാണ്. എങ്കിലും അതിൽ രണ്ടാൾക്ക് നല്ല വൈരാഗ്യം ഷാജഹാനോട് ഉണ്ട്. തീർക്കാൻ വേണ്ടി അവർ ഇന്നലെ കാത്തുനിൽക്കണ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ഇവിടെയെത്തി സംസാരിച്ചു. എന്താടാ നിനക്കിവിടെ കാര്യം എന്നു ചോദിച്ചു. നവീൻ എന്ന ഒരാളോട്, എനിക്ക് ഇവിടെ നിൽക്കാൻ പറ്റീല്ലേ എന്നു നവീൻ തിരിച്ചു പറഞ്ഞു. അപ്പോൾ നീ ഇവിടെ നിൽക്കണ്ടാ എന്ന നവീനോട് പറഞ്ഞു കൊണ്ട് രണ്ടു മൂന്നാളുകൾ വന്നു. അതിൽ ശബരി എന്നയാൾ ഓടിവന്ന് ഷാജഹാൻ്റെ കാലിനിട്ട് ഒരു വെട്ടുവെട്ടി. അപ്പോൾ അഞ്ച് മീറ്റർ ദൂരത്ത് നിന്ന ഞാൻ എന്നെയും കൊല്ല് ടാ എന്ന് ഓടി വന്ന് പറഞ്ഞു. അപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്നയാൾ ഷാജഹാൻ്റെ കഴുത്തിന് ഒരു വെട്ട് വെട്ടി. ആ വെട്ടിൽ ഷാജഹാൻ ചോരതുപ്പി.,അവരോടി പോയി. അവർ എട്ടോളം പേരുണ്ടായിരുന്നു. രണ്ട് പേരാണ് ആയുധം ഉപയോഗിച്ചത്. കൊലയാളികൾ രണ്ടാളം പാർട്ടി മെമ്പർമാരാണ്. ശബരിയാണ് ആദ്യം വെട്ടിയത് അവൻ പാർട്ടി മെമ്പറാണ്. രണ്ടാമതും മൂന്നാമതും വെട്ടിയത് പാർട്ടി മെമ്പറായ അനീഷാണ്. രണ്ട് പാർട്ടി മെമ്പർമാരാണ് മൂന്ന് വെട്ട് വെട്ടിയത്. ദേശാഭിമാനി പത്രവും വാരികയും നീ കൊടുക്കുന്നില്ലേ, അതിനെ ചൊല്ലിയുള്ള ചെറിയൊരു വൈരാഗ്യമാണ്. ഈ കൊലയിലേക്ക് എത്തിയത്'
കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ വച്ച് പ്രതികരിച്ച ചില സിപിഎം നേതാക്കൾ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ എന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാണ്. അതേസമയം കൊലയ്ക്ക് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്ന വാദം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി തള്ളി.
ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ - കൊലയ്ക്ക് നേതൃത്വം കൊടുത്ത ശബരീഷും അനീഷുമെല്ലാം നേരത്തെ സിപിഎം അനുഭാവം ഉണ്ടായിരുന്നവരാവും. എന്നാൽ വളരെ കാലം മുൻപേ അവർ പാർട്ടിയുമായി അകന്നു പോയതാണ്. ആ പ്രദേശത്ത് എല്ലാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ആർഎസ്എസ് പ്രവർത്തനവുമായി സജീവമായി നിന്നിരുന്നവരാണ് ഇവരെല്ലാം. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെട്ടപ്പോൾ ആ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. രണ്ടുദിവസം മുൻപ് നടന്ന രക്ഷാബന്ധൻ പരിപാടിയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. സിപിഎമ്മിന് നല്ല സ്വാധീനമുള്ള ഒരു പ്രദേശമാണിത്. വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്.