നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിലെ വീഴ്ചയും വ്യാപാരികളുടെ വിരോധം ഭയന്ന് നിർബന്ധിത പിരിവിന് ഇറങ്ങാതിരിക്കുന്നതും സംസ്ഥാനത്തിന് തിരിച്ചടിയായി
തിരുവനന്തപുരം: കൊവിഡിനെ തുടർന്നെന്ന് ആവർത്തിച്ച് പറയുമ്പോഴും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ തിരിച്ചടിയാവുന്നത് നികുതി പിരിക്കുന്നതിൽ കാട്ടുന്ന വലിയ അലംഭാവമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ പ്രതീക്ഷിച്ച നികുതി വരുമാനം നേടിയെടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
നോട്ട് നിരോധനം, രണ്ട് പ്രളയം, ജിഎസ്ടി നടപ്പാക്കൽ, കൊവിഡ് തുടങ്ങി ഒന്നിന് പുറകെ ഒന്നായി വന്ന തിരിച്ചടികളാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിച്ചത്. എന്നാൽ സാധാരണ ജനത്തിന് സംസ്ഥാനം നേരിടുന്ന ആഘാതം അറിയാതിരിക്കാൻ ക്ഷേമപദ്ധതികൾക്കുള്ള തുക കൃത്യമായി വിതരണം ചെയ്തതോടെ ജനം യഥാർത്ഥ പ്രതിസന്ധിയുടെ ആഴം അറിഞ്ഞതുമില്ല.
undefined
നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിലെ വീഴ്ചയും വ്യാപാരികളുടെ വിരോധം ഭയന്ന് നിർബന്ധിത പിരിവിന് ഇറങ്ങാതിരിക്കുന്നതും സംസ്ഥാനത്തിന് തിരിച്ചടിയായി. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നികുതി വരുമാനമാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷിച്ച നിലയിൽ നികുതി പിരിക്കാൻ കഴിഞ്ഞില്ല.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016-17 കാലത്ത് നികുതി വരുമാനമായി പ്രതീക്ഷിച്ചത് 36963 കോടി രൂപയാണ്. എന്നാൽ കിട്ടിയതാകട്ടെ 30133 കോടി രൂപ മാത്രവും. 6830 കോടി രൂപയായിരുന്നു കുറവ്. 2017-18 കാലത്ത് 42193 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ പിരിക്കാനായത് 37703 കോടി രൂപ മാത്രം. 4490 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.
2018-19 ൽ 46795 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ വരുമാനം പ്രതീക്ഷിച്ചത്. കിട്ടിയതാകട്ടെ 43016 കോടി രൂപയും. 3779 കോടി രൂപയായിരുന്നു കുറവ്. 2019-20 വർഷത്തിൽ 52959 കോടി രൂപ പിരിക്കാൻ ശ്രമിച്ചപ്പോൾ 47294 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. 5665 കോടി രൂപയാണ് വ്യത്യാസം.
തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ (2020-21) 55652 കോടി രൂപയാണ് സംസ്ഥാന സർക്കാർ നികുതി ഇനത്തിൽ പിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കിട്ടിയത് 48417 കോടി രൂപ മാത്രമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 60961 കോടി രൂപയാണ് നികുതി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ജനുവരി മാസം വരെ 43908 കോടി രൂപ മാത്രമാണ് പിരിക്കാൻ കഴിഞ്ഞത്.
നികുതി വരുമാനത്തിൽ ജനുവരി മാസം വരെയുള്ള കണക്കുകൾ പ്രകാരം 15 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച വളർച്ച നികുതി വരുമാനത്തിൽ നേടിയെടുക്കാൻ കഴിയാതെ പോയത്, കൊവിഡിന്റെ സാഹചര്യത്തിലാണെങ്കിലും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.