കേരള ബജറ്റ് 2020 ൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ
തിരുവനന്തപുരം: കേരള ബജറ്റ് 2020 ൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ഉടമസ്ഥതയിലുള്ള സ്കൂൾ ബസ്സുകളുടെ ടാക്സ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള പ്രൈവറ്റ് മാനേജ്‍മെന്റ് സ്കൂൾസ് അസോസിയേഷൻ പ്രസിഡന്റ് നിസാർ ഒളവണ്ണ പറഞ്ഞു.
സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിതമായ നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ മേൽ പുതിയ ഭാരം അടിച്ചേൽപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം സർക്കാർ പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രാധാന്യം നൽകി കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമത്തിനു വിരുദ്ധമായാണ്, കെ.ഇ.ആർ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.