ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്; കേരളത്തെ ഒരിക്കലും രക്ഷിക്കാനാവാത്ത കടക്കെണിയിലാക്കുന്നത്: കെ.സുരേന്ദ്രൻ

By Web Team  |  First Published Jan 15, 2021, 4:51 PM IST

മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
 


തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്  കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ഇടതുസർക്കാരിൽ നിന്ന് കേരളത്തിലെ കർഷകർക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. പച്ചക്കറി,നെല്ല് തുടങ്ങി വിവിധ കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താൻ 15 അ​ഗ്രോപാർക്കുകൾ തുടങ്ങുമെന്നാണ് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ 5 വർഷം കഴിയാനായിട്ടും വെറും ഒരു അ​ഗ്രോപാർക്കിന്റെ പണി മാത്രമാണ് സർക്കാരിന് തുടങ്ങാനായത്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു വർഷം കൊണ്ട് 8 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് സർക്കാർ പറയുന്നത്. 2016ലെ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ നൽകിയ വാ​ഗ്ദാനം 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു. സ്വർണ്ണക്കടത്തുകാർക്കും സി.പിഎം ക്രിമിനലുകൾക്കുമല്ലാതെ ആർക്കാണ് ഈ സർക്കാർ തൊഴിൽ നൽകിയത്. ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നം തകർത്ത് പി.എസ്.സിയെ അട്ടിമറിച്ച് പിൻവാതിൽ നിയമനം വഴി 3 ലക്ഷം പേരെ നിയമിച്ച് യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണിത്. കൊവിഡാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത് എന്ന വാദം വസ്തുതാപരമല്ല. കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക രം​ഗം തകർന്നിരുന്നു.

Latest Videos

undefined

എല്ലാ വർഷവും കയ്യടിവാങ്ങാൻ നടത്തുന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നുമില്ല. നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവർ ഇപ്പോൾ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ്. കമ്പ്യൂട്ടറൈസൈഷൻ ജനങ്ങളെ കാർന്നുതിന്നുവെന്നും കമ്പ്യൂട്ടർ ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്പ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റൽ ഇന്ത്യ വൻവിജയമായമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാർ അം​ഗീകരിക്കണം. എല്ലാവീട്ടിലും തൊഴിൽ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസർക്കാർ തൊഴിൽ ഭേദ​ഗതി കൊണ്ടുവന്നപ്പോൾ തൊഴിൽ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസം​ഗിച്ചവരാണ് ഇടതുപക്ഷക്കാർ. ഇപ്പോൾ എന്താ തൊഴിൽ നിയമങ്ങൾ മറന്നുപോയോ.

സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എൽ.ഇ.ഡി ബൾബും അം​ഗനവാടി ടീച്ചേഴ്സിനും അശാവർക്കർമാർക്കും ശംബളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും, കുടുംബശ്രീയും കേന്ദ്രസർക്കാരിന്റേതാണ്.  10 വർഷത്തെ കേന്ദ്രസഹായം വെച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വർഷം ഭരിച്ച യു.പി.എ സർക്കാർ ഓരോ വർഷവും കേരളത്തിന് അനുവദിച്ച പണവും 6 വർഷമായി ഭരിക്കുന്ന മോദി സർക്കാർ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങൾ അറിയട്ടെ. 

സംസ്ഥാനത്തിന്റെ സമ​ഗ്രവികസനത്തിന് വേണ്ടിയുള്ള ദീർഘകാല നിക്ഷേപങ്ങൾ ഒന്നും ബജറ്റിൽ ഇല്ല. ദീർഘകാല അടിസ്ഥാനത്തിൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവുകയുള്ളൂ. എന്നാൽ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂർണ്ണമായും അവ​ഗണിച്ചു. ഇതുതന്നെയാണ് ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമെന്നും സുരേന്ദ്രൻ പറഞ്ഞു. വാജ്പേയ് സർക്കാരിന്റെ കാലത്ത് സുവർണ ചതുഷ്ക്കോണ പദ്ധതി കൊണ്ട് വന്നാണ് രാജ്യത്തെ റോഡ് പരിഷ്ക്കരണം നടപ്പിലാക്കിയത്. ഒരു ദിവസം ഇത്ര കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. യു.പി.എ കാലത്ത് മന്ദീഭവിച്ച പദ്ധതി നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ വീണ്ടും ഉർജ്ജിതമാക്കി. ഇത്തരം വൻകിട പദ്ധതികൾ ഇല്ലാതെ എങ്ങനെയാണ് നാടിന്റെ പുരോ​ഗതി സാധ്യമാക്കുക? ബജറ്റിന്റെ പുറത്തുള്ള ഓഡിറ്റിം​ഗ് ഇല്ലാത്ത കിഫ്ബി വഴി തുക വകയിരുത്തും എന്ന് ബജറ്റ് അവതരണത്തിൽ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒന്നുകിൽ കിഫ്ബിയെ ബജറ്റിൽ നിന്നും ഒഴിവാക്കണം. അല്ലെങ്കിൽ കിഫ്ബി  ഓഡിറ്റിം​ഗിന് വിധേയമാക്കണം. ഓഡിറ്റിം​ഗിനെയും എതിർക്കുക എന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്ര. സി.എ.ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയതും സി.എ.ജിക്കെതിരെ തിരിഞ്ഞതും ഇതിന്റെ ഭാ​ഗമാണ്. കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്ത് ആറ്റിലെ മണലെടുത്ത് കേരളത്തെ ​ഗൾഫാക്കുമെന്ന് പറഞ്ഞ ആളാണ് ഐസക്ക്. അതേപൊലെ തിരുവനന്തപുരം ഐ.ടി കോറിഡോർ പ്രഖ്യാപിച്ചതും ഇതേ മന്ത്രിയായിരുന്നു. ഐസക്കിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനോ നികുതി തിരിച്ചുപിടിക്കാനോ ഒരു ശ്രമവും ബജറ്റിൽ ഇല്ല. വൻകിട വാറ്റ് കുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരു നീക്കവും ഇല്ല. വൻകിട മുതലാളിമാരെ പ്രീണിപ്പിക്കാനാണ് നികുതിപിരിക്കാത്തത്. കേന്ദ്രസർക്കാർ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് ഇത്രയം പണം നൽകാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

click me!