വനിതാ ടി20 ചലഞ്ച്: ആവേശപ്പോരില്‍ ട്രയല്‍ബ്ലേസേഴ്സിനെ മുട്ടുകുത്തിച്ച് സൂപ്പര്‍നോവാസ് ഫൈനലില്‍

By Web Team  |  First Published Nov 7, 2020, 11:16 PM IST

ജയത്തോടെ തിങ്കളാഴ്ച നടക്കുന്ന ഫൈനലിലേക്ക് സൂപ്പര്‍നോവാസ് യോഗ്യത നേടി. ട്രയല്‍ബ്ലേസേഴ്സ് തന്നെയാണ് ഫൈനലില്‍ സൂപ്പര്‍നോവാസിന്‍റെ എതിരാളികള്‍.


ഷാര്‍ജ: വനിതാ ടി20 ചലഞ്ചില്‍ അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ സ്മൃതി മന്ദാനയുടെ ട്രയല്‍ബ്ലേസേഴ്സിനെ രണ്ട് റണ്‍സിന് കീഴടക്കി ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍നോവാസ് ഫൈനലിലെത്തി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രയല്‍ബ്ലേസേഴ്സിന് അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

രാധാ യാദവ് എറിഞ്ഞ ഓവറില്‍ ദീപ്തി ശര്‍മ(40*) ക്രീസിലുണ്ടായിട്ടും ഏഴ് റണ്‍സെടുക്കാനെ ട്രയല്‍ബ്ലേസേഴ്സിന് കഴിഞ്ഞുള്ളു. സ്കോര്‍ സൂപ്പര്‍നോവാസ് 20 ഓവറില്‍ 146/6, ട്രയല്‍ബ്ലേസേഴ്സ് 20 ഓവറില്‍ 144/5. ജയത്തോടെ തിങ്കളാഴ്ച നടക്കുന്ന ഫൈനലിലേക്ക് സൂപ്പര്‍നോവാസ് യോഗ്യത നേടി. ട്രയല്‍ബ്ലേസേഴ്സ് തന്നെയാണ് ഫൈനലില്‍ സൂപ്പര്‍നോവാസിന്‍റെ എതിരാളികള്‍.

Latest Videos

undefined

സൂപ്പര്‍നോവാസ് ജയിച്ചതോടെ മിതാലി രാജിന്‍റെ വെലോസിറ്റി ഫൈനല്‍ കാണാതെ പുറത്തായി. മൂന്ന് ടീമുകളും രണ്ട് വീതം മത്സരങ്ങളില്‍ ഓരോ ജയം വീതം നേടിയപ്പോള്‍ മികച്ച റണ്‍റേറ്റിന്‍റെ കരുത്തിലാണ് ട്രയല്‍ബ്ലേസേഴ്സും സൂപ്പര്‍നോവാസും ഫൈനലിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ചമരി അത്തപ്പത്തുവിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സടിച്ചത്.  ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിനായി തകര്‍ത്തടിച്ച പ്രിയ പൂനിയയും അത്തപ്പത്തുവും ഓപ്പണിംഗ് വിക്കറ്റില്‍ 12 ഓവറില്‍ 89 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പ്രിയ പൂനിയ പുറത്തായതോടെ സൂപ്പര്‍നോവാസിന്‍റെ സ്കോറിംഗ് നിരക്ക് കുറഞ്ഞു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാര്‍ക്കും രണ്ടക്കം കാണാനാവാഞ്ഞത് സൂപ്പര്‍നോവാസിനെ 146ല്‍ ഒതുക്കി. മറുപടി ബാറ്റിംഗില്‍ ഡോട്ടിനും(27) മന്ദാനയും(33) ചേര്‍ന്ന് ട്രയല്‍ബ്ലേസേഴ്സിന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 6.3 ഓവറില്‍ 44 റണ്‍സടിച്ചു. ഡോട്ടിന്‍ പുറത്തായശേഷമെത്തിയ റിച്ച ഘോഷ്(4) വേഗം മടങ്ങിയെങ്കിലും നിലയുറപ്പിച്ച മന്ദാന സ്കോര്‍ 83ല്‍ എത്തിച്ചു.

മന്ദാന പുറത്തായശേഷം ദീപ്തി ശര്‍മയും ഡിയോളും ചേര്‍ന്ന് ട്രയല്‍ബ്ലേസേഴ്സിനെ മുന്നോട്ട് നയിച്ചെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ലീന്‍ ഡിീയോള്‍(15 പന്തില്‍ 27) അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തില്‍ പുറത്തായത് ട്രയല്‍ബ്ലേസേഴ്സിന് തിരിച്ചടിയായി.

click me!