കൊല്‍ക്കത്ത നിരയില്‍ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (57), റിങ്കു സിംഗ് (46), ഷാര്‍ദുല്‍ ഠാക്കൂര്‍ (68) എന്നിവരാണ് തിളങ്ങിയത്. ഒരുഘട്ടത്തില്‍ അഞ്ചിന് 89 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 81 റണ്‍സിന്റെ വന്‍ തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ടായത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 17.4 ഓവറില്‍ 123ന് എല്ലാവരും പുറത്തായി.
കൊല്‍ക്കത്ത നിരയില്‍ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (57), റിങ്കു സിംഗ് (46), ഷാര്‍ദുല്‍ ഠാക്കൂര്‍ (68) എന്നിവരാണ് തിളങ്ങിയത്. ഒരുഘട്ടത്തില്‍ അഞ്ചിന് 89 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. പിന്നീട് 29 പന്തില്‍ 68 റണ്‍സ് നേടിയ ഠാക്കൂറാണ് സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചത്. അവസാന ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കിയാണ് ഠാക്കൂര്‍ മടങ്ങുന്നത്.
undefined
സ്റ്റേഡിയം മുഴുവന്‍ ഠാക്കൂറിന് വേണ്ടി കയ്യടിച്ചു. അക്കൂട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാനും ഉണ്ടായിരുന്നു. വീഡിയോ കാണാം...
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് നായകന്‍ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ടിം സൗത്തിയെയും ഉമേഷ് യാദവിനെയും പവര്‍ പ്ലേയില്‍ ഇരുവരും ശരിക്കും ബുദ്ധിമുട്ടിച്ചു. എന്നാല്‍, കൊല്‍ക്കത്തയുടെ വജ്രായുധങ്ങളായ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും എത്തുന്നത് വരെയേ ചലഞ്ചേഴ്‌സിന്റെ ആഘോഷത്തിന് ആയുസുണ്ടായിരുന്നുള്ളൂ. കോലിയുടെ വിക്കറ്റ് കടപുഴക്കി നരെയ്‌നാണ് ആദ്യ തിരിച്ചടി നല്‍കി. 18 പന്തില്‍ 21 റണ്‍സാണ് കോലി എടുത്തിരുന്നത്.
പിന്നാലെ ഡുപ്ലസിയെയും മാക്‌സ്‌വെല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും തിരികെ അയച്ച വരുണ്‍ കളം പിടിച്ചു. ഇതില്‍ 12 പന്തില്‍ 23 റണ്‍സെടുത്ത ഡുപ്ലസിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. പിടിച്ചുനില്‍ക്കുമെന്ന് തോന്നിപ്പിച്ച ബ്രേസ്‌വെല്ലിന്റെയായിരുന്നു അടുത്ത ഊഴം. ഇന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ഷര്‍ദുലിന് വിക്കറ്റ് നല്‍കി ബ്രേസ്‌വെല്ലും മടങ്ങി.
അനുജ് റാവത്തിനെ മടക്കി സുയാഷ് ശര്‍മ്മ തന്റെ കന്നി ഐപിഎല്‍ വിക്കറ്റ് പേരിലാക്കിയത് ആരാധകര്‍ ആഘോഷമാക്കി. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും സുയാഷ് തന്നെ വീഴ്ത്തിയതോടെ ആര്‍സിബിയുടെ പതനം ഉറപ്പായി. കരണ്‍ ശര്‍മയെ കൂടെ പുറത്താക്കി സുയാഷ് ഈഡന്റെ പ്രിയപ്പെട്ടവനായതോടെ അതിവേഗം ആര്‍സിബിയുടെ കഥയും കഴിഞ്ഞു.