ഡിഗ്രി വിദ്യാര്‍ഥിയായ അനൂപ് പോസ്റ്റര്‍ കട്സ് എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട ചിത്രങ്ങളാണ് ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അനൂപ് പോസ്റ്റ് ചെയ്ത ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധക കൂട്ടമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫാന്‍സ് കേരള ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ഇന്‍സ്റ്റഗ്രാമിലെ പുതിയ അവതാരം കണ്ട് മലയാളികള്‍ അടക്കമുള്ള ആരാധകര്‍ അന്തം വിട്ടിട്ടുണ്ടാകും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് ഷാജി പാപ്പനും പിള്ളേരുമായി എത്തിയ വാര്‍ണര്‍ ഗുജറാത്തിനെതിരെ ആവേശജയം സ്വന്തമാക്കിയശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്യേട്ടനില്‍ മമ്മൂട്ടിയും അനുജന്‍മാരും കൂടി നില്‍ക്കുന്ന ചിത്രമായിരുന്നു. വാര്‍ണര്‍ക്ക് ഇവരെയൊക്കെ എങ്ങനെ അറിയാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് പിന്നില്‍ ഒരു മലയാളി വിദ്യാര്‍ഥിയാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയായ അനൂപ് എം ദാസ്.
ഡിഗ്രി വിദ്യാര്‍ഥിയായ അനൂപ് പോസ്റ്റര്‍ കട്സ് എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട ചിത്രങ്ങളാണ് ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അനൂപ് പോസ്റ്റ് ചെയ്ത ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധക കൂട്ടമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫാന്‍സ് കേരള ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇത് കണ്ടാണ് വാര്‍ണര്‍ അറക്കല്‍ മാധവനുണ്ണിയെയും ഷാജി പാപ്പനെയും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഡേവിഡ് വാര്‍ണര്‍ ഷാജി പാപ്പനായ ചിത്രം ആട് സിനിമയുടെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഡല്‍ഹി താരങ്ങള്‍ക്ക് പുറമെ ലഖ്നൗ താരം അമിത് മിശ്ര, ചെന്നൈ താരം അജിങ്ക്യാ രഹാനെ എന്നിവരെയും അനൂപ് ചിത്രങ്ങളാക്കിയിരുന്നു.ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന കാലം മുതല്‍ തെലുങ്ക് സിനിമകളിലെ ജനപ്രിയ പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ച് ഡേവിഡ് വാര്‍ണര്‍ ആരാധകരെ കൈയിലെടുത്തിരുന്നു.
ഇപ്പോള്‍ ഹൈദരാബാദ് വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയപ്പോഴും ആരാധകരെ കൈയിലെടുക്കാനുള്ള വാര്‍ണറുടെ കഴിവിന് ഒട്ടും കോട്ടം വന്നിട്ടില്ലെന്നാണ് പുതിയ പോസ്റ്റുകളും തെളിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുമ്പോഴും ഐപിഎല്ലില്‍ വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിളങ്ങാനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും ആറ് പോയന്‍റുമായി വാര്‍ണര്‍ ഇപ്പോഴും അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലെ ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. നാളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.