ധോണിയായതുകൊണ്ട് ഇരട്ടി സന്തോഷം; ഐപിഎല്ലില്‍ പുതിയ റെക്കോഡിട്ട 'തല'യ്ക്ക് റെയ്‌നയുടെ അഭിനന്ദന സന്ദേശം

By Web Team  |  First Published Oct 2, 2020, 9:09 PM IST

 ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ ധോണി 194 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തന്നെ സുരേഷ് റെയ്‌നയെയാണ് ധോണി മറികടന്നത്.
 


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ ധോണി 194 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തന്നെ സുരേഷ് റെയ്‌നയെയാണ് ധോണി മറികടന്നത്. 193 മത്സരങ്ങള്‍ റെയ്‌നയുടെ അക്കൗണ്ടിലുണ്ട്. 

നാഴികക്കല്ല് പിന്നിട്ട ധോണിയെ സുരേഷ് റെയ്‌ന അഭിനന്ദിക്കുകയും ചെയ്തു. റെയ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ... ''ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പിന്നിട്ടതിന് അഭിനന്ദങ്ങള്‍ മഹി ഭായ്. നിങ്ങളാണ് എന്റെ റെക്കോഡ് തകര്‍ത്തതെന്ന് ഓര്‍ക്കുമ്പോള്‍ ഇരട്ടിസന്തോഷം. ഇന്നത്തെ മത്സരത്തിന് എല്ലാവിധ ആശംസകളും. എനിക്ക് ഉറപ്പുണ്ട്. ഈ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തും.'' റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

ഇത്തവണ ഐപിഎല്ലില്‍ ചെന്നൈയ്‌ക്കൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ റെക്കോഡ് റെയ്‌നയുടെ പേരില്‍ തന്നെ അവശേഷിച്ചേനെ. എന്നാല്‍ ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് താരം പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. പിന്നാലെ റെയ്‌നയുടെ പേര് സിഎസ്‌കെയുടെ ഓദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. മാത്രമല്ല, ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതാണ്. ഡക്കാണ്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കായി 192 മത്സരങ്ങളാണ് റെയ്‌ന കളിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 185 മത്സരങ്ങള്‍ കളിച്ചു.

click me!