സണ്‍റൈസേഴ്സിനെ കണ്ടാല്‍ മോശം ഫോമിലാണേല്‍ പോലും സടകുടഞ്ഞെഴുന്നേൽക്കുന്ന സഞ്ജുവായിരിക്കും കളത്തില്‍. കഴിഞ്ഞ കുറെയധികം മത്സരങ്ങളുടെ കണക്കുകള്‍ നോക്കിയാണ് ആരാധകര്‍ ഇങ്ങനെ പറയുന്നത്
ജയ്പുര്‍: കഴിഞ്ഞ മത്സരങ്ങളില്‍ ഒന്ന് നിറം മങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍. 38 പന്തില്‍ നാല് ഫോറും അഞ്ച് സിക്സുമായി 66 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു അടിച്ചുകൂട്ടിയത്. ഈ പ്രകടനം എസ്ആര്‍എച്ച് ആരാധകരെ അമ്പേ നിരാശപ്പെടുത്തുന്നതാണ്. സണ്‍റൈസേഴ്സിനെ കണ്ടാല്‍ മോശം ഫോമിലാണേല്‍ പോലും സടകുടഞ്ഞെഴുന്നേൽക്കുന്ന സഞ്ജുവായിരിക്കും കളത്തില്‍.
കഴിഞ്ഞ കുറെയധികം മത്സരങ്ങളുടെ കണക്കുകള്‍ നോക്കിയാണ് ആരാധകര്‍ ഇങ്ങനെ പറയുന്നത്. ഹൈദരാബാദിന് എതിരെ കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ പോലും സഞ്ജു 20 റണ്‍സില്‍ താഴെ സ്കോര്‍ ചെയ്തിട്ടില്ല. കൂടാതെ ഒരു സെഞ്ചുറി, നാല് അര്‍ധ സെഞ്ചുറി എന്നിങ്ങനെ മിന്നുന്ന പ്രകടനങ്ങളുമുണ്ട്. അവസാന നാല് ഇന്നിംഗ്സുകളിലും ഹൈദരാബാദിനെതിരെ സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചിട്ടുണ്ട്. 102*(55), 48*(32), 26(25), 36(26), 48(33), 82(57), 55(27), 55(32), 66*(38) എന്നിങ്ങനെയാണ് സണ്‍റൈസേഴ്സിനെതിരെ കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സുകളിലെ സഞ്ജുവിന്‍റെ സ്കോര്‍.
undefined
പിങ്ക് നിറഞ്ഞ ഗാലറിയുടെ ആരവങ്ങള്‍ക്കിടയിലേക്ക് രാജസ്ഥാൻ റോയല്‍സിന്‍റെ നായകൻ സഞ്ജു സാംസണ്‍ നടന്ന് എത്തുന്നത് രോമാഞ്ചമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് താരം തുടങ്ങിയത്. പിന്നീട് മായങ്ക് മാര്‍ക്കണ്ഡയെ അടുപ്പിച്ച രണ്ട് സിക്സിന് പറത്തി സഞ്ജു കളം നിറഞ്ഞു.
അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു. ഇതോടെ താരത്തിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‍ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്സിന് അവസരം കൊടുക്കാതെ ബട്‍ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.