ടോപ് ഫോറില്‍ സുഖിച്ചത് മതി! സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് പടിയിറക്കം; ഇനി അതിനിര്‍ണായകം

By Web Team  |  First Published May 9, 2023, 1:27 PM IST

സീസണില്‍ ഇനി മൂന്ന് കളികള്‍ മാത്രമാണ് രാജസ്ഥാന് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജയം ശരിക്കും ഗുണം ചെയ്തത് രാജസ്ഥാന്‍ റോയല്‍സിന്. കൊല്‍ക്കത്ത ജയിച്ചതോടെ ആദ്യ നാലില്‍ തന്നെ തുടരും രാജസ്ഥാന്‍. പഞ്ചാബ് ജയിച്ചിരുന്നുവെങ്കില്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങുമായിരുന്നു രാജസ്ഥാന്‍. 11 മത്സരങ്ങളില്‍ 10 പോയിന്റാണ് രാജസ്ഥാനുള്ളത്. അഞ്ചാമതുള്ള കൊല്‍ക്കത്തയ്ക്കും ഇത്രയും തന്നെ പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത പിറകിലായി. എന്നിരുന്നാലും ഇന്ന് മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെ രാജസ്ഥാന് ആദ്യ നാലില്‍ നിന്നിറങ്ങേണ്ടിവരും. 

ഇരു ടീമുകള്‍ക്കും നിലവില്‍ പത്ത് മത്സരങ്ങളില്‍ അത്രയം തന്നെ പോയിന്റുണ്ട്. ജയിക്കുന്ന ടീമിന് 12 പോയിന്റാവും. അതോടെ സഞ്ജുവിനും സംഘത്തിനും അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരും. ജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തേക്ക് കയറുകയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്യും. സീസണില്‍ ഇനി മൂന്ന് കളികള്‍ മാത്രമാണ് രാജസ്ഥാന് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു. ഇനിയൊരു തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാക്കും. 11ന് കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലും 14ന് ബാംഗ്ലൂരിനെതിരെ ജയ്പൂരിലും 19ന് പഞ്ചാബ് കിംഗ്‌സിനെതിരെ ധരംശാലയിലുമാണ് രാജസ്ഥാന്റെ ഇനിയുള്ള മത്സരങ്ങള്‍.

Latest Videos

undefined

പോയന്റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ഡല്‍ഹിക്കും ഹൈദരാബാദിനുമെല്ലാം ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന് പറയാവുന്ന ഒരേയോരു ടീം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് 13ഉം മൂന്നാം സ്ഥാനത്തുള്ള  ലഖ്‌നൗവിന് 11ഉം പോയന്റുണ്ടെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പോലും അത്ര സുരക്ഷിതമല്ല.

ഐപിഎല്ലില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന പോരാട്ടങ്ങളാകും പ്ലേ ഓഫിലെ നാലു ടീമുകളെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. അതില്‍ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം ഏറെ നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യതയില്‍ പിന്തള്ളപ്പെടാതിരിക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

വാംഖഡെയില്‍ പക വീട്ടുമോ; മുംബൈക്കെതിരെ ആര്‍സിബിയുടെ സാധ്യതാ ഇലവന്‍

click me!