ഐപിഎല്ലിലെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ സഞ്ജുവെന്ന് ക്രിസ് മോറിസ്

By Web Team  |  First Published Apr 28, 2021, 12:51 PM IST

ക്രിക്കറ്റ് കരിയറിൽ സഞ്ജുവിന് കിട്ടിയ വിലമതിക്കാത്ത ഉപദേശം ആരുടേതാണെന്നായിരുന്നു മോറിസിന് പിന്നീട് അറിയേണ്ടിയിരുന്നത്. വേറാരില്‍ നിന്നുമല്ല, ക്രിസ് മോറിസില്‍ നിന്ന് തന്നെയാണെന്ന് സഞ്ജു.


അഹമ്മദാബാദ്: ഐപിഎല്ലില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു സാംസണാണെന്ന് സഹതാരം ക്രിസ് മോറിസ്. സഞ്ജുസാംസണെ അതിഥിയാക്കി സഹതാരം ക്രിസ് മോറിസ് നടത്തിയ അഭിമുഖത്തിലാണ് മോറിസിന്‍റെ തുറന്നു പറച്ചില്‍. സഞ്ജു കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദ്ദിക് പാണ്ഡ്യയാണ് തന്‍റെ പ്രിയപ്പെട്ട കളിക്കാരനെന്നും മോറിസ് പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിലെ രസകരമായ ചില ചോദ്യങ്ങളും ഉത്തരങ്ങളും.

ക്യാപ്റ്റനെന്ന നിലയിൽ എന്താണ് ബുദ്ധിമുട്ടേറിയ കാര്യമെന്ന മോറിസിന്‍റെ ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ഇങ്ങനെ. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ സംഗതി എല്ലാ ടീം മീറ്റിങ്ങുകളിലും സംസാരിക്കണമെന്നതാണ്. നീണ്ട പ്രസംഗമാണ് സഹതാരങ്ങൾ എന്നില്‍ നിന്ന് പ്രതീക്ഷിക്കുക. സത്യം പറഞ്ഞാല്‍ എനിക്കതിഷ്ടമല്ല. പരിചയം കൊണ്ട് ചിലപ്പോള്‍ അങ്ങനെ പ്രസംഗിക്കാന്‍ പറ്റുമായിരിക്കും.

Latest Videos

undefined

ക്രിക്കറ്റ് കരിയറിൽ സഞ്ജുവിന് കിട്ടിയ വിലമതിക്കാത്ത ഉപദേശം ആരുടേതാണെന്നായിരുന്നു മോറിസിന് പിന്നീട് അറിയേണ്ടിയിരുന്നത്. വേറാരില്‍ നിന്നുമല്ല, ക്രിസ് മോറിസില്‍ നിന്ന് തന്നെയാണെന്ന് സഞ്ജു. 2016ല്‍ ആദ്യമായി കണ്ടപ്പോള്‍ എതിരെ വരുന്ന പന്തുകളെല്ലാം അടിച്ചു പറത്താന്‍ ഉപദേശിച്ചത് ക്രിസ് മോറിസാണെന്നും അത് തന്നെയാണ് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും സഞ്ജുവിന്‍റെ മറുപടി.

ആരാണ് ഐപിഎല്ലിലെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ എന്ന് സഞ്ജു മോറിസിനോട് ചോദിച്ചു. സഞ്ജു സാംസണ്‍ ആണ് ഐപിഎല്ലിലെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനെന്നായിരുന്നു മോറിസിന്‍റെ മറുപടി. സഞ്ജു കഴിഞ്ഞാല്‍ പിന്നെ മുംബൈ ഇന്ത്യന്‍സിന്‍റെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇഷ്ടതാരം. ഹര്‍ദ്ദിക്കിനെ എനിക്കും ഇഷ്ടമാണ് പക്ഷെ ഇന്ത്യക്കായി കളിക്കുമ്പോഴാണെന്ന് മാത്രം എന്നായിരുന്നു ഇതിന് സഞ്ജുവിന്‍റെ മറുപടി.

ഞാനല്ലാതെ രാജസ്ഥാൻ ടീമില്‍ സഞ്ജുവിന് ഏറ്റവും അടുപ്പമുള്ളതാരോടാണെന്ന മോറിസിന്‍റെ ചോദ്യത്തിന് ഒന്നാലോചിച്ചശേഷം കുമാര്‍ സംഗക്കാര എന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജുവിന്‍റെ മറുപടി.

ഈ ഐപിഎല്ലിലെ ഏറ്റവും രസകരമായ നിമിഷം ഏതാണെന്ന സഞ്ജുവിന്‍റെ ചോദ്യത്തിന് സിംഗിളെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ഓടാതെ തിരിച്ചയച്ചതാണെന്നായിരുന്നു മോറിസിന്‍റെ മറുപടി. എന്നാല്‍ ആ സിംഗിള്‍ ഡബിളാക്കി മാറ്റാനാവുമോ എന്ന് തനിക്ക് ഉറപ്പില്ലാത്തതിനാലാണ് ഓടാതിരുന്നതെന്ന് സഞ്ജു പറഞ്ഞു. ഡബിള്‍ ഓടാന്‍ പറ്റിയില്ലെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഞാനെന്‍റെ വിക്കറ്റ് ത്യജിച്ചേനെയെന്നായിരുന്നു മോറിസിന്‍റെ മറുപടി.

ഐപിഎല്ലില്‍ മോറിസ് പന്തെറിയാന്‍ ആഗ്രഹിക്കാത്ത കളിക്കാരന്‍ ആരാണെന്നായിരുന്നു സഞ്ജുവിന് പിന്നീട് അറിയേണ്ടിയിരുന്നത്. അത് ബാംഗ്ലൂരിന്‍റെ എ ബി ഡിവില്ലിയേഴ്സാണെന്നായിരുന്നു മോറിസിന്‍റെ മറുപടി. ഡിവില്ലിയേഴ്സ് അടുത്ത കൂട്ടുകാരനാണ്. അടുത്ത സുഹൃത്ത് പ്രഹരിച്ചാല്‍ കൂടുതല്‍ വേദനിക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മോറിസിന്‍റെ മറുപടി.

ക്രിക്കറ്റ് വിഷയം വിട്ട ക്രിസ് മോറിസിന് ഇനിയറിയേണ്ടത് സഞ്ജു സാംസണ് നന്നായി ഉണ്ടാക്കാൻ അറിയാവുന്ന വിഭവത്തെകുറിച്ചായിരുന്നു. വലിയ അവകാശവാദങ്ങൾക്കൊന്നും നമ്മുടെ സഞ്ജു പോയില്ല, നന്നായി ഉണ്ടാക്കാനറിയാവുന്ന വിഭവം ഓംലെറ്റാണെന്നായിരുന്നു സ‍്ജുവിന്‍റെ മറുപടി. ഒരുപാട് പേര്‍ക്ക് ഇപ്പോഴും ഓംലെറ്റ് ഉണ്ടാക്കാനറിയില്ലെന്നും അതൊരു പ്രത്യേക കഴിവാണെന്നുമായിരുന്നു ഇതിന് മോറിസിന്‍റെ മറുപടി.

Also Read: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!