നരേന്ദ്ര മോദിയെ കാണാൻ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജഡേജ ട്വീറ്റ് ചെയ്തു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബയും സന്ദര്‍ശിച്ചു. രവീന്ദ്ര ജഡേജ തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. നരേന്ദ്ര മോദിയെ കാണാൻ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജഡേജ ട്വീറ്റ് ചെയ്തു. മാതൃരാജ്യത്തിനായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും മികച്ച ഉദാഹരണമാണ് താങ്കള്‍. സാധ്യമായ ഏറ്റവും മികച്ച രീതിയിൽ തന്നെ എല്ലാവരെയും പ്രചോദിപ്പിക്കുന്നത് താങ്കള്‍ തുടരുമെന്ന് ഉറപ്പുണ്ടെന്നും ജഡേജ കുറിച്ചു.
ഈ ട്വിറ്റ് പങ്കുവെച്ച് കൊണ്ട് റിവാബയെയും താങ്കളെയും കണ്ടുമുട്ടാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. നിരവധി വിഷയങ്ങൾ ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി കുറിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നോര്‍ത്ത് ജാംനഗറില്‍ നിന്നാണ് രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവാബ ബിജെപി സ്ഥാനാര്‍ത്ഥിയായി മികച്ച വിജയം നേടിയത്.
Wonderful meeting Rivaba and you earlier today. We had a great conversation covering several topics. https://t.co/KLEpuPUV3y
— Narendra Modi (@narendramodi)
undefined
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കര്‍ഷഭായിക്കെതിരെ 53000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്. ജഡേജ തെരഞ്ഞെടുപ്പ് സമയത്ത് ഭാര്യക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം, ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കാത്തിരിപ്പ് തുടരുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തില്‍ സിഎസ്കെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് തോല്‍പിച്ചതാണ് ധോണിക്കും സംഘത്തിനും തിരിച്ചടിയായത്. 145 റണ്‍സ് വിജയലക്ഷ്യം കെകെആർ 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പവർപ്ലേയില്‍ കെകെആറിനെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ് - നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്.