ചരിത്രമാവേണ്ടതായിരുന്നു, പക്ഷെ റിങ്കുവിന്‍റെ സംഹാര താണ്ഡവത്തില്‍ എല്ലാം മുങ്ങി; കാണാം റാഷിദിന്‍റെ ഹാട്രിക്ക്

By Web Team  |  First Published Apr 9, 2023, 10:40 PM IST

പതിനേഴാം ഓവറില്‍ തന്‍റെ അവസാന ഓവര്‍ റാഷിദ് എറിയാനെത്തുംവരെ ആ പ്രതീക്ഷക്ക് ആയുസുണ്ടായുള്ളു. റസലിനുവേണ്ടിയായിരുന്നു റാഷിദ് തന്‍റെ ഒരോവര്‍ ബാക്കിവെച്ചത്. ആദ്യ പന്തില്‍ തന്നെ റാഷിദ് റസലിനെ റാഷിദ് വീഴ്ത്തി.


അഹമ്മദാബാദ്: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാവേണ്ടിയിരുന്ന ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍റെ ബൗളിംഗ് പ്രകടനം റിങ്കു സിംഗിന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുങ്ങിപ്പോയി. വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത വിജയത്തിലേക്ക് മുന്നേറുമ്പോഴാണ് അല്‍സാരി ജോസഫ് പതിനാറാം ഓവറിലെ അഞ്ചാം പന്തില്‍ അയ്യരെ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിക്കുന്നത്. 40 പന്തില്‍ 83 റണ്‍സടിച്ച വെങ്കിടേഷ് അയ്യര്‍ ഗുജറാത്തില്‍ നിന്ന് വിജയം തട്ടിയെടുത്തുവെന്നു തോന്നിച്ചപ്പോഴാണ് അല്‍സാരി ജോസഫ് രക്ഷകനായി അവതരിച്ചത്.വെങ്കിടേഷ് അയ്യര്‍ പുറത്തായെങ്കിലും ആന്ദ്രെ റസലിനെ പോലുള്ള കൂറ്റനടിക്കാര്‍ വരാനിരിക്കെ അവസാന നാലോവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 55 റണ്‍സ്.

മത്സരത്തിന്‍റെ അതുവരെയുള്ള പോക്ക് അനുസരിച്ച് കൊല്‍ക്കത്ത അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയ നിമിഷം. അല്‍സാരി ജോസഫിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് സൂക്ഷിച്ച ആന്ദ്രെ റസലില്‍ നിന്ന് കൊല്‍ക്കത്ത ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ പതിനേഴാം ഓവറില്‍ തന്‍റെ അവസാന ഓവര്‍ റാഷിദ് എറിയാനെത്തുംവരെ ആ പ്രതീക്ഷക്ക് ആയുസുണ്ടായുള്ളു. റസലിനുവേണ്ടിയായിരുന്നു റാഷിദ് തന്‍റെ ഒരോവര്‍ ബാക്കിവെച്ചത്.

Latest Videos

undefined

ആദ്യ പന്തില്‍ തന്നെ റാഷിദ് റസലിനെ റാഷിദ് വീഴ്ത്തി. വമ്പനടിക്ക് ശ്രമിച്ച റസലിന്‍റെ ബാറ്റിലും പാഡിലും തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് കൈയിലൊതുക്കി. ബാറ്റില്‍ തട്ടിയോ എന്ന് റാഷിദിന് സംശയമുണ്ടായിരുന്നു, അമ്പയര്‍ ഔട്ട് വിളിച്ചതുമില്ല. എന്നാല്‍ റിവ്യു എടുക്കാന്‍ ഭരത് പ്രേരിപ്പിച്ചതോടെ റാഷിദ് റിവ്യു എടുത്തു. റീപ്ലേയില്‍ പന്ത് റസലിന്‍റെ ബാറ്റിലുരുമ്മിയിരുന്നുവെന്ന് വ്യക്തമായി. റസല്‍ പുറത്ത്.

Hatrick in A losing Cause
But Still one Of the Greatest Moment in Ipl and Cricket ⚡🔥 pic.twitter.com/cfpa25eOas

— Virat_Fan_Girl ❤️💫 (@JerseyNo_18)

പിന്നീടെത്തിയത് മറ്റൊരു വമ്പനടിക്കാരനായ സുനില്‍ നരെയ്ന്‍. റാഷിദിന്‍റെ ആദ്യ പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച നരെയ്നെ ബൗണ്ടറിയില്‍ പകരക്കാരനായ ജയന്ത് യാദവ് കൈയിലൊതുക്കി. അക്കൗണ്ട് തുറക്കാതെ നരെയ്നും വീണു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ഞെട്ടിച്ച ഷാര്‍ദ്ദുല്‍ ഠാക്കൂറാണ് റാഷിദിന്‍റെ ഹാട്രിക്ക് പന്ത് നേരിടാനെത്തിയത്. പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ പന്തില്‍ ബാറ്റുവെച്ച ഷര്‍ദ്ദുലിന് പിഴച്ചു, വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അപ്പീല്‍ ചെയ്യും മുമ്പെ റാഷിദ് ആഘോഷം തുടങ്ങി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ഷാര്‍ദ്ദുല്‍ റിവ്യു ചെയ്തു. റിവ്യൂവിലും ഷാര്‍ദ്ദുല്‍ രക്ഷപ്പെട്ടില്ല.

ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗ്, റിങ്കു സിംഗിന്‍റെ അവസാന ഓവറിലെ സിക്സര്‍ പൂരം കാണാം-വീഡിയോ

ടി20 ക്രിക്കറ്റില്‍ റാഷിദ് ഖാന് നാലാം ഹാട്രിക്ക്.155-4ല്‍ നിന്ന് 155-7ലേക്ക് കൂപ്പുകുത്തി കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ച നിമിഷം. എന്നാല്‍ അവസാന ഓവറിലെ റിങ്കു സിംഗിന്‍റെ സംഹാരതാണ്ഡവത്തില്‍ റാഷിദിന്‍റെ ഹാട്രിക്ക് മുങ്ങിപ്പോവുന്നതാണ് പിന്നീട് കണ്ടത്. ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഹാട്രിക്ക് നേടിയിട്ടുള്ള റാഷിദ് ഐപിഎല്ലിലും നേട്ടം ആവര്‍ത്തിച്ചെങ്കിലും ഗുജറാത്തിനെ ജയത്തിലെത്തിക്കാന്‍ അത് മതിയാവാതെ വന്നു.നാലോവറില്‍ 37 റണ്‍സ് വഴങ്ങിയാണ് റാഷിദ് മൂന്ന് വിക്കറ്റെടുത്തത്. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ബൗളറാണ് റാഷിദ്. മഖായ എന്‍റിനി, പ്രവീണ്‍ താംബെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് മുമ്പ് കൊല്‍ക്കത്തക്കെതിരെ ഹാട്രിക് നേടിയവര്‍.

click me!