മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ധോണിയോട് ഇക്കാര്യത്തെപ്പറ്റി സംസാരിച്ചുവെന്നും ടീമിന്‍റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ്
റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനുമായ എം എസ് ധോണിയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ധോണിയുടെ അമ്മ ദേവകി ദേവിയെയും അച്ഛന്‍ പാന്‍ സിംഗിനെയും റാഞ്ചിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ധോണിയോട് ഇക്കാര്യത്തെപ്പറ്റി സംസാരിച്ചുവെന്നും ടീമിന്‍റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. ധോണിയുടെ മാതാപിതാക്കളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും വരും ദിവസങ്ങളിലും ആരോഗ്യസ്ഥിതി സൂഷ്മമായി വിലയിരുത്തുമെന്നും ധോണിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും ഫ്ലെമിംഗ് വ്യക്തമിാക്കി.
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 18 റണ്‍സിന് കീഴടക്കിയിരുന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു ഇത്. ബാറ്റിംഗിലെ മെല്ലെപ്പോക്കിന് വിമര്‍ശനം നേരിട്ടിരുന്ന ധോണി ഇന്നലെ നാലാമനായി ഇറങ്ങി ഏഴ് പന്തില്‍ 17 റണ്‍സടിച്ചിരുന്നു.