ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം ക്യാപ്റ്റൻ, മോർ​ഗനെതിരെ തുറന്നടിച്ച് ​ഗംഭീർ

By Web Team  |  First Published Apr 19, 2021, 12:26 PM IST

ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ മോർ​ഗന്റേത് ഏറ്റവും പരിഹാസ്യമായ ക്യാപ്റ്റൻസിയായിരുന്നു. ഒരുപക്ഷെ എന്റെ ജീവിതത്തിൽ തന്നെ ഇത്രയും മോശം ക്യാപ്റ്റൻസി ഞാൻ കണ്ടിട്ടില്ല. അത് വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല.


ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടർ പരാജയങ്ങളിൽ വലയുമ്പോൾ നായകൻ ഓയിൻ മോർ​ഗനെതിരെ തുറന്നടിച്ച് മുൻ നായകൻ ​ഗൗതം ​ഗംഭീർ. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുളളതിൽ ഏറ്റവും മോശവും പരിഹാസ്യവുമായ ക്യാപ്റ്റൻസിയാണ്  മോർ​ഗന്റേതെന്ന് റോയൽ ചലഞ്ചേഴ്സിനെതിരായ കൊൽക്കത്തയുടെ തോൽവിക്കുശേഷം ​ഗംഭീർ പറഞ്ഞു.

ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ മോർ​ഗന്റേത് ഏറ്റവും പരിഹാസ്യമായ ക്യാപ്റ്റൻസിയായിരുന്നു. ഒരുപക്ഷെ എന്റെ ജീവിതത്തിൽ തന്നെ ഇത്രയും മോശം ക്യാപ്റ്റൻസി ഞാൻ കണ്ടിട്ടില്ല. അത് വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. പവർ പ്ലേയിൽ എറിഞ്ഞ തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിക്ക് വീണ്ടുമൊരു ഓവർ നൽകാൻ മോർ​ഗൻ തയാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ പവർ പ്ലേയിൽ തന്നെ മത്സരം കൊൽക്കത്തയുടെ കൈകളിലാകുമായിരുന്നു.

Latest Videos

undefined

വരുൺ ചക്രവർത്തി മൂന്നാം വിക്കറ്റ് നേടുകയോ മാക്സ് വെല്ലിനെ പവർ പ്ലേയിൽ തന്നെ പുറത്താക്കുകയോ ചെയ്തിരുന്നെങ്കിൽ ബാം​ഗ്ലൂരിന്റെ പോരാട്ടം അവിടെ തീർന്നേനെ. ഒരു ഇന്ത്യൻ നായകനാണ് ഇത്തരമൊരു മണ്ടത്തരം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വിമർശനങ്ങളേറെ കേൾക്കേണ്ടി വരുമായിരുന്നു. എന്നാൽ ഒരു ഇന്ത്യൻ നായകനല്ല അത്തരമൊരു മണ്ടത്തരം കാണിച്ചത് എന്നകാര്യത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും ​ഗംഭീർ പറഞ്ഞു.

പവർ പ്ലേയിൽ ക്യാപ്റ്റൻ വിരാട് കോലിയെയും രജത് പാട്ടീദാറിനെയും നഷ്ടമായെങ്കിലും ആദ്യം ദേവ്ദത്ത് പടിക്കലിനൊപ്പവും പിന്നീട് എ ബി ഡിവില്ലിയേഴ്സിനൊപ്പവും തകർത്തടിച്ച മാക്സ് വെൽ ബാം​​ഗ്ലൂരിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 49 പന്തിൽ 78 റൺസടിച്ച മാക്സ് വെല്ലാണ് ബാ​ഗ്ലൂരിന്റെ ടോപ് സ്കോറർ. ആദ്യം ബാറ്റ് ചെയ്ത ബാം​ഗലൂർ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസടിച്ചപ്പോൾ കൊൽക്കത്തക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനെ കഴിഞ്ഞുളളു.

click me!