ലിറ്റണ്‍ ദാസിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത; പകരമെത്തുന്നത് വിന്‍ഡീസ് ബിഗ് ഹിറ്റര്‍

By Web Team  |  First Published May 4, 2023, 10:37 AM IST

ബംഗ്ലാദേശ് ടീമില്‍ ലിറ്റണ്‍ ദാസിന്‍റെ ക്യാപ്റ്റനായ ഷാക്കിബ് അല്‍ ഹസന്‍ ഐപിഎല്ലിന് തൊട്ടുമുമ്പ് കൊല്‍ക്കത്ത ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ചാള്‍സ് 41 ടി20 മത്സരങ്ങളില്‍ 971 റണ്‍സടിച്ചിട്ടുണ്ട്.


കൊല്‍ക്കത്ത: വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വിന്‍ഡീസിന്‍റെ വെടിക്കെട്ട് ഓപ്പണറായ ജോണ്‍സണ്‍ ചാള്‍സാണ് ലിറ്റണ്‍ ദാസിന്‍റെ പകരക്കാരനായി കൊല്‍ക്കത്തയിലെത്തുന്നത്. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ ബംഗ്ലദേശ് താരം ലിറ്റണ്‍ ദാസ് കൊല്‍ക്കത്തക്കായി ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്.

കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ലിറ്റണ്‍ ദാസ് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കൊല്‍ക്കത്ത പകരക്കാരനെ പ്രഖ്യാപിച്ചത്. ഈ സീസണില്‍ ഡല്‍ഹിക്കെതിരെ കളിച്ച ഒരേയൊരു മത്സരത്തില്‍ ലിറ്റണ്‍ ദാസിന് നാലു റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. ബംഗ്ലാദേശിനു വേണ്ടി കളിക്കേണ്ടിയിരുന്നതിനാല്‍ ഐപിഎല്‍ ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ നഷ്ടമായ ലിറ്റണ്‍ രണ്ടാം വാരം മാത്രമാണ് കൊല്‍ക്കത്ത ടീമിനൊപ്പം ചേര്‍ന്നത്.

Latest Videos

undefined

ബംഗ്ലാദേശ് ടീമില്‍ ലിറ്റണ്‍ ദാസിന്‍റെ ക്യാപ്റ്റനായ ഷാക്കിബ് അല്‍ ഹസന്‍ ഐപിഎല്ലിന് തൊട്ടുമുമ്പ് കൊല്‍ക്കത്ത ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ചാള്‍സ് 41 ടി20 മത്സരങ്ങളില്‍ 971 റണ്‍സടിച്ചിട്ടുണ്ട്. 2012ലെ 2016ലെ ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിലുണ്ടായിരുന്ന ചാള്‍സ് കരിയറില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി 224 ടി20 മത്സരങ്ങളില്‍ നിന്നായി 5600 റണ്‍സടിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ജോണ്‍സണ്‍ ചാള്‍സ് കൊല്‍ക്കത്തയിലെത്തുന്നത്.

അടികൊണ്ട് വലഞ്ഞ പഞ്ചാബിനെ ട്രോളി മുംബൈ ഇന്ത്യന്‍സ്, പൊലീസ് ഇടപെടേണ്ടെന്ന് പരിഹാസം

ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്ന കൊല്‍ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ മൂന്ന് ജയവും ആറ് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത ഇപ്പോള്‍. ഇന്ന് ഹൈദരാബാദിനെതിരെ തോറ്റാല്‍ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും.

click me!