അന്ന് കോലിയോട് ഗാംഗുലി പറഞ്ഞു, ഇവരെ നോക്കിവെച്ചോളു എന്ന്, ഗാംഗുലിയുടെ വാക്കുകള്‍ പൊന്നായത് ഇന്നലെ

By Web Team  |  First Published Oct 1, 2020, 6:56 PM IST

145 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്ന രണ്ട് ഇന്ത്യന്‍ പേസര്‍മാരുടെ മേൽ ഒരു കണ്ണുവേണം. 2018 ലെ അണ്ടര്‍ 19 ലോകകപ്പിനിടെ വിരാട് കോലിയെ ടാഗ് ചെയ്തുളള സൗരവ് ഗാംഗുലിയുടെ ട്വീറ്റ് ശിവം മാവിയെയും കമലേഷ് നാഗര്‍കോട്ടിയെയും കുറിച്ചായിരുന്നു.


ദുബായ്: നഷ്ടമാകുമായിരുന്ന കരിയര്‍ തിരിച്ചുപിടിച്ച രണ്ട് യുവ പേസര്‍മാരാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. പരിക്കേറ്റ കാലത്ത് ഇരുവരെയും ചേര്‍ത്തുപിടിച്ച കെകെആര്‍ മാനേജ്മെന്‍റിന് കൂടി അവകാശപ്പെട്ടതാണ് ഈ വിജയം.

145 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്ന രണ്ട് ഇന്ത്യന്‍ പേസര്‍മാരുടെ മേൽ ഒരു കണ്ണുവേണം. 2018 ലെ
അണ്ടര്‍ 19 ലോകകപ്പിനിടെ വിരാട് കോലിയെ ടാഗ് ചെയ്തുളള സൗരവ് ഗാംഗുലിയുടെ ട്വീറ്റ് ശിവം മാവിയെയും കമലേഷ് നാഗര്‍കോട്ടിയെയും കുറിച്ചായിരുന്നു.

keep an eye on two under 19quicks ..mavi and nagarkotti ..bowling at 145 in newzealand ..brilliant ..

— Sourav Ganguly (@SGanguly99)

all 3 under 19 quicks prospect for india ..by far the best in the tournament

— Sourav Ganguly (@SGanguly99)

Latest Videos

undefined

തൊട്ടുപിന്നാലെ താരലേലത്തിൽ കോടികള്‍ മുടക്കി കൊൽക്കത്ത ഇരുവരെയും സ്വന്തമാക്കിയെങ്കിലും പരിക്ക് വില്ലനായി. അടുത്ത താരലേലത്തിൽ കൈവിട്ടുപോയേക്കാമെന്ന് അറിയാമായിട്ടും ഇരുവരെയും ലണ്ടനിൽ വിദഗ്ധ ചികിത്സയ്ക്ക് അയച്ചു നൈറ്റ് റൈഡേഴ്സ്.

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്ലില്‍ ആദ്യമായി ഒന്നിച്ച മാവിയും നാഗര്‍കോട്ടിയും കെ കെ ആര്‍ മാനേജ്മെന്‍റിന്‍റെ വിശ്വാസം കാക്കുകയാണ്. മുംബൈക്കെതിരെ രോഹിത് ശര്‍മ്മയെയും ക്വിന്‍റൺ ഡികോക്കിനെയും പുറകത്താക്കിയ ശിവം മാവി, രാജസ്ഥാന്‍ നിരയിലെ സ‍്ജു സാംസണെയും ജോസ് ബട്‌ലറെയുമാണ് മടക്കിയത്.

രാജസ്ഥാനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ കമലേഷ് ഫീല്‍ഡിലും മിന്നൽപ്പിണരായി. വിലപ്പെട്ട രണ്ട് വര്‍ഷം നഷ്ടമായെങ്കിലും ഭാഗ്യം തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് ദ്രാവിഡിന്‍റെ ഈ പ്രിയശിഷ്യര്‍ പറയുന്നത്. ഐപിഎൽ മാര്‍ച്ചിൽ തുടങ്ങിയിരുന്നെങ്കില്‍ പരിക്കിന്‍റെ പിടിയിലായിരുന്ന മാവിയും നാഗര്‍കോട്ടിയും കാഴ്ചക്കാര്‍ ആയേനേ.

click me!