വാര്‍ണര്‍ ഷോക്കുശേഷം മിന്നല്‍പ്പിണരായി സാഹ, ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍

By Web Team  |  First Published Oct 27, 2020, 9:10 PM IST

45 പന്തില്‍ 87 റണ്‍സടിച്ച സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. വാര്‍ണര്‍ 34 പന്തില്‍ 66 റണ്‍സടിച്ചു. തുടര്‍ച്ചയായി 26 കളികളില്‍ വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട ഡല്‍ഹിയുടെ കാഗിസോ റബാദ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.


ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദ് വൃദ്ധിമാന്‍ സാഹയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

45 പന്തില്‍ 87 റണ്‍സടിച്ച സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. വാര്‍ണര്‍ 34 പന്തില്‍ 66 റണ്‍സടിച്ചു. തുടര്‍ച്ചയായി 26 കളികളില്‍ വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട ഡല്‍ഹിയുടെ കാഗിസോ റബാദ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

Latest Videos

undefined

പവറാക്കി പവര്‍ പ്ലേ

ആന്‍റിച്ച് നോര്‍ജെ എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് ഡല്‍ഹിയുടെ സ്ട്രൈക്ക് ബൗളര്‍ കാഗിസോ റബാദയെ തെരഞ്ഞുപിടിച്ച് പ്രഹരിച്ചു. റബാദയുടെ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച വാര്‍ണറും സാഹയും പവര്‍ പ്ലേയില്‍ റബാദയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടോവറില്‍ 37 റണ്‍സാണ് റബാദ പവര്‍ പ്ലേയില്‍ മാത്രം വിട്ടുകൊടുത്തത്.

ആദ്യം വാര്‍ണര്‍ ഷോ

നായകന്‍റെ പ്രകടനം പുറത്തെടുത്ത വാര്‍ണര്‍ ആദ്യ പന്തു മുതല്‍ ആക്രമണം അഴിച്ചുവിട്ടു. പവര്‍പ്ലേയില്‍ തന്നെ 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. മറുവശത്ത് സാഹയും മോശമാക്കിയില്ല. പന്തില്‍ റണ്‍സുമായി സാഹയതും തകര്‍ത്തടിച്ചതോടെ ഹൈദരാബാദ് സ്കോര്‍ കുതിച്ചു. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് 77 റണ്‍സിലെത്തി. ഒമ്പതാം ഓവറില്‍ ഹൈദരാബാദിനെ ഇരുവരും ചേര്‍ന്ന് 100 കടത്തി.  പത്താം ഓവറില്‍ വാര്‍ണറെ(34 പന്തില്‍ 66) മടക്കി അശ്വിനാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്സ്.

ഓം ഹ്രീം സ്വാഹ

വാര്‍ണര്‍ വീണശേഷമാണ് സാഹ കളം നിറഞ്ഞത്. പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും നിലംതൊ
ടാതെ പറപ്പിച്ച സാഹ 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. സാഹയെ ഒതുക്കാന്‍ റബാദയെ പന്തേല്‍പ്പിച്ചെങ്കിലും 14 റണ്‍സാണ് റബാദയുടെ ഓവറില്‍ മനീഷ് പാണ്ഡെയും സാഹയും ചേര്‍ന്ന് അടിച്ചെടുത്തു. പതിനഞ്ചാം ഓവറില്‍ ആന്‍റിച്ച് നോര്‍ജെ സാഹയെ മടക്കിയതോടെയാണ് ഡല്‍ഹിക്ക് ശ്വാസം നേരെ വീണത്.

45 പന്തില്‍ 87 റണ്‍സടിച്ച സാഹ 12 ഫോറും രണ്ട് സിക്സും പറത്തി. പതിനഞ്ചാം ഓവറില്‍ സാഹ പുറത്താവുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ 170ല്‍ എത്തിയിരുന്നു. അവസാന ഓവറുകളില്‍ മോശമാക്കാതിരുന്ന മനീഷ് പാണ്ഡെ(31 പന്തില്‍ 44*) ഹൈദരാബാദിനെ ദുബായില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം ഇന്നിംഗ്സ് സ്കോറായ 219 റണ്‍സിലെത്തിച്ചു. 10 പന്തില്‍ 11 റണ്‍സുമായി വില്യംസണ്‍ പുറത്താവാതെ നിന്നു.

സ്ഥിരം ഓപ്പണറായ ജോണി ബെയര്‍സ്റ്റോ ഇല്ലാതെ ഇറങ്ങിയ ഹൈദരാബാദിനായി വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജോണി ബെയര്‍സ്റ്റോക്ക് പകരം കെയ്ന്‍ വില്യംസണ്‍ ആണ് ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തിയത്. പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാന്‍ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ടീമിലെത്തി.

click me!