'തല്ലുകൊള്ളി' ബൗളര്‍മാരെ മാറ്റാതെ ബാംഗ്ലൂരിന്‍റെ തലവര മാറില്ലെന്ന് ആരാധകര്‍

By Web Team  |  First Published Sep 25, 2020, 6:44 PM IST

ഐപിഎൽ ചരിത്രത്തില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള ബൗളിംഗ് നിര ആര്‍സിബിയുടേതാണ്. പഞ്ചാബിനെതിരെ അവസാന രണ്ട് ഓവറില്‍ വഴങ്ങിയത് 49 റൺസ്.


ദുബായ്: പ്രതീക്ഷ നൽകിയ തുടക്കത്തിന് ശേഷം പതിവ് ദുരന്തത്തിലേക്ക് ബാംഗ്ലൂര്‍ വീണതിന്‍റെ നടുക്കത്തിലാണ് ആരാധകര്‍. ബൗളിംഗ് നിരയിൽ മാറ്റം വരുത്താതെ ആര്‍സിബി രക്ഷപ്പെടില്ല. സൗരഭ് തിവാരി സീസണിലെ ആദ്യ സിക്സര്‍ നേടിയതിനേക്കാളും അത്ഭുതകരമായിരുന്നു ആര്‍സിബിയുടെ ജയത്തുടക്കം.

ഇത് പുതിയ ആര്‍സിബിയാണെന്ന് ആവേശം കൊണ്ട ആരാധകരെയെല്ലാം ഒറ്റദിവസം കൊണ്ട് നിരാശരാക്കിയിരിക്കുകയാണ് കോലിപ്പട. നെറ്റ് റൺറേറ്റിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള വമ്പന്‍ തോൽവി സീസണിന്‍റെ തുടക്കത്തിൽ തന്നെ.

Latest Videos

undefined

ബാറ്റിംഗ് ക്രമത്തിലെ പാളിച്ച മുതൽ ഡെത്ത് ഓവറുകളിലെ ബൗളിംഗ് വരെ വര്‍ഷങ്ങളായുള്ള ദൗര്‍ബല്യങ്ങള്‍ക്ക് ഇക്കുറിയും പരിഹാരമില്ല. എ ബി ഡിവിലിയേഴ്സും വിരാട് കോലിയും പരമാവധി സമയം ക്രീസില്‍ ചെലവഴിക്കാന്‍ അവസരം ഒരുക്കുകപ്രധാനം.

ഐപിഎൽ ചരിത്രത്തില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള ബൗളിംഗ് നിര ആര്‍സിബിയുടേതാണ്. പഞ്ചാബിനെതിരെ അവസാന രണ്ട് ഓവറില്‍ വഴങ്ങിയത് 49 റൺസ് പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമായ ഡെയിൽ സ്റ്റെയിനും ശരാശരി ബൗളര്‍ മാത്രമായ ശിവം ദുബേയുമാണോ ഡെത്ത് ഓവറുകള്‍ എറിയേണ്ടതെന്ന് കോലി ആലോചിക്കണം.

ഇത്രയേറെ സീസണിൽ കളിച്ചിട്ടും ഒന്നും പഠിക്കാത്ത ഉമേഷ് യാദവിന്‍റെ കാര്യം പറയാതിരിക്കയാണ് നല്ലത്.സൺറൈസേഴ്സിനെതിരെ 4 ഓവറില്‍ 48 റൺസ് വഴങ്ങിയ ഉമേഷ് , പഞ്ചാബിനെതിരെ മൂന്ന് ഓവര്‍ എറിഞ്ഞപ്പോഴേ കോലിക്ക് മതിയായി. പരിക്ക് ഭേദമായി ക്രിസ് മോറിസ് ടീമിലെത്തിയാൽ കോലിക്ക് ആശ്വാസമായേക്കും.

അവസാന ഓവറുകളില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള മോയിന്‍ അലിയും ഡഗ്ഔട്ടിൽ അവസരം കാത്തിരിക്കന്നുണ്ട്. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യന്‍സിനെതിരെ തിങ്കളാഴ്ചയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം. ഏറ്റവും മികച്ച 11 കളിക്കാര്‍ ആരെന്ന് കണ്ടെത്താന്‍ കോലിക്കും ഹെസ്സനും കാറ്റിച്ചിനും അതിനുമുന്‍പ് കഴിയുമെന്ന് കരുതാം.

click me!